സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മദ്യം വീര്യം കുറഞ്ഞതായാലും കൂടിയതായാലും അത് സമൂഹത്തിന് ദോഷകരമാണെന്നും മദ്യവർജനം തന്നെയാണ് യുഡിഎഫിൻ്റെ പ്രഖ്യാപിത നയമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിൽ ഉൾപ്പെട്ട നികുതിയിളവ് സംബന്ധിച്ച പരാമർശത്തെ അമിത പ്രാധാന്യത്തോടെ കാണേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഈ വിഷയം ചർച്ചയായതെന്നും അതാണ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മദ്യം ഒരു പ്രത്യേക വിഭാഗത്തെ മാത്രമല്ല, സമൂഹത്തെ മൊത്തമായാണ് ബാധിക്കുന്നതെന്നും അതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എല്ലാവർക്കും ബോധവൽക്കരണം ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

വിഷയത്തിൽ യുഡിഎഫിനുള്ളിൽ വിശദമായ ചർച്ചകൾ നടക്കുമെന്നും എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം കേട്ട ശേഷമേ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts