അരുണാചൽ പ്രദേശിൽ തുടരുന്ന കനത്ത മഴ വ്യാപക പ്രളയത്തിനും മണ്ണിടിച്ചിലിനും വഴിവെച്ചു. ലോവർ സുബൻസിരി, കെയ് പന്യോർ ജില്ലകളിലാണ് പ്രകൃതിക്ഷോഭം ഏറ്റവും കൂടുതൽ നാശം വിതച്ചത്. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതോടെ ജനജീവിതം സ്തംഭിച്ചു.

കെയ് പന്യോർ ജില്ലയിലെ യസാലിക്ക് സമീപമുള്ള നീപ്‌കോ പ്രോജക്ട് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ രക്ഷാസംഘങ്ങൾ തുടരുകയാണ്. സംരക്ഷണഭിത്തി തകർന്നതിനെ തുടർന്നാണ് വെള്ളം അതിവേഗം കോളനിയിലേക്ക് ഒഴുകിയെത്തിയത്. നിരവധി താമസക്വാർട്ടേഴ്‌സുകൾക്ക് കേടുപാടുകൾ സംഭവിച്ചപ്പോൾ ചില കെട്ടിടങ്ങൾ പൂർണമായും തകർന്നു.

അതേസമയം, പോട്ടിൻ, ഹോജ് മേഖലകൾക്ക് സമീപം ദേശീയപാതയിൽ ഒന്നിലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഇതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പ്രധാന പാലം ഒലിച്ചുപോയതോടെ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ലുക്‌സിൻ, യിയെ-I, യിയെ-II ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതോടെ വീടുകൾക്കും കൃഷിഭൂമികൾക്കും വൻ നാശനഷ്ടമുണ്ടായി.

ദുരന്തബാധിത മേഖലകളിൽ എസ്‌ഡിആർഎഫ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തുകയാണ്. എൻഡിആർഎഫ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കനത്ത മഴയെ തുടർന്ന് അസമിലേക്കും വെള്ളപ്പൊക്ക ഭീഷണി ഉയർന്നിട്ടുണ്ട്. ബ്രഹ്മപുത്രയിലെയും പോഷകനദികളിലെയും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ധേമാജി, ലഖിംപൂർ, ബിശ്വനാഥ്, സോണിത്പൂർ, ധുബ്രി ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നദീതീരവാസികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ജലഗതാഗതം പരമാവധി ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.

Related Posts