തൃപ്പൂണിത്തുറയില്‍ ഇന്നലെ രാവിലെ സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ല. തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആരോണ്‍ ജോഷിയെ (18) ആണ് കാണാതായത്. ഇന്നലെ രാവിലെ സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. എരൂര്‍ ഇല്ലിക്കപ്പടിയില്‍ മുല്ലപ്പറമ്പില്‍ ജോഷിയുടെ മകനാണ് ആരോണ്‍.
യൂണിഫോം ധരിച്ചാണ് ആരോണ്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. കയ്യിൽ ഒരു ടി ഷര്‍ട്ടും ആരോണ്‍ എടുത്തിരുന്നു. ടി ഷര്‍ട്ട് എടുത്തത് സ്‌പെഷല്‍ ക്ലാസ് കഴിഞ്ഞ ശേഷം കായിക പരിശീലനത്തിനായാണ് എന്നായിരുന്നു വീട്ടുകാര്‍ കരുതിയത്. ബന്ധുക്കളുടെ വീടുകളില്‍ അന്വേഷിച്ചെങ്കിലും കുട്ടി എത്തിയിട്ടില്ല. കുട്ടി മടങ്ങി വരാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.