ദിലീപിനെ പിന്തുണച്ച നിലപാടിൽ മലക്കംമറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നടൻ ദിലീപിന് നീതി ലഭിച്ചെന്നും സർക്കാർ അപ്പീലിന് പോകുന്നത് വേറെ പണിയില്ലാത്തതിനെ തുടർന്നാണെന്നും പറഞ്ഞ അടൂർ പ്രകാശ്, അതിജീവിതയ്ക്ക് നീതി ലഭിക്കാനുള്ള പ്രവർത്തനങ്ങൾ നിശ്ചയമായും നടക്കണമെന്നാണ് ഇപ്പോൾ പറയുന്നത്. പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് സർക്കാർ ഉരുണ്ടുകളിക്കേണ്ട കാര്യമില്ലെന്നും അടൂർ പ്രകാശ് രണ്ടാമത് മാധ്യമങ്ങളെ കണ്ട് പറഞ്ഞു.

സർക്കാർ ഇപ്പോൾ ഉരുണ്ടുകളിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞ് രക്ഷപ്പെടാൻ വേണ്ടി ഇവർ തയ്യാറാക്കി വച്ചിരിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രോസിക്യൂഷൻ്റെ ഭാഗത്ത്നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് സർക്കാർ തുറന്നുപറയുകയാണ് ചെയ്യേണ്ടത്. കോൺഗ്രസും യൂഡിഎഫും ഇപ്പോൾ അതിജീവിതയ്ക്കൊപ്പമാണ്. അക്കാര്യം കെപിസിസി അദ്ധ്യക്ഷനും മുതിർന്ന നേതാക്കളും പറഞ്ഞിട്ടുണ്ട് – അടൂർ പ്രകാശ് പറഞ്ഞു

രാവിലെ വോട്ട് ചെയ്തതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് അടൂർ പ്രകാശ് ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി ലഭ്യമായെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട് അതിനാൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Posts