മലയാള സിനിമാസംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ(രുദ്ര). ബെഡ്റൂമിലേക്കു വിളിച്ചുവരുത്തി, മകളുടെ പ്രായമുള്ള എന്നെ ദുരുപയോഗം ചെയ്‌തു. സിനിമയിൽ അഭിനയിക്കാൻ വന്ന എന്നെ എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വിനി നമ്പ്യാർ വെളിപ്പെടുത്തി.
അദ്ദേഹത്തിൻ്റെ സിനിമയിൽ മുൻപും അഭിനയിച്ചു പരിചയമുള്ളതുകൊണ്ടാണ് എന്തോ അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ റൂമിലേക്ക് ചെന്ന തന്നെ ആ സംവിധായകൻ ദുരുപയോഗം ചെയ്തു എന്നും തൻ്റെ അച്‌ഛൻ്റെ പ്രായമുള്ള ആൾ തന്നോട് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരം പോലും അന്ന് ഉണ്ടായിരുന്നില്ല എന്നും ഇന്ത്യാഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിൽ അശ്വനി പറയുന്നു.
മണിച്ചിത്രത്താഴ്, ആയുഷ്‌കാലം, ഹിറ്റ്ലർ തുടങ്ങി നിരവധി മലയാളം-തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. മണിച്ചിത്രത്താഴിൽ അല്ലി എന്ന കഥാപാത്രമായി അഭിനയിച്ച താരമാണ് അശ്വിനി. ധ്രുവം എന്ന ചിത്രത്തിൽ ജയറാമിന്റെ കാമുകിയായും തിളങ്ങി. ഇപ്പോൾ ആമസോൺ പ്രൈമിൽ സുഴൽ സീരീസിൻ്റെ രണ്ടാം ഭാഗത്തിലൂടെ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.
‘മലയാള സംവിധായകനിൽ നിന്ന് ഞാൻ നേരിട്ട ദുരനുഭവം ഇത്രയും കാലം എവിടെയും ഷെയർ ചെയ്‌തിട്ടില്ല. ഞാൻ ഇക്കാര്യത്തെ കുറിച്ചു കഴിഞ്ഞ വർഷമാണ് ഒരു ടെലിവിഷൻ ഷോയിൽ സംസാരിച്ചത്. അതൊരു കാസ്റ്റിങ് കൗച്ച് എന്ന് ഞാൻ പറയില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അകപ്പെട്ട് പോയി എന്ന് പറയുന്നതായിരിക്കും ശരി. അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. മാപ്പ് നൽകി മറക്കാം. അയാൾ വലിയൊരു സംവിധായകനാണ്.
ചർച്ച ചെയ്യാൻ എന്തോ ഉണ്ടെന്നു പറഞ്ഞ് ഓഫിസിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഞാൻ എവിടെ പോയാലും അന്നുവരെ അമ്മ ഒപ്പമുണ്ടാകാറുണ്ട്. എൻ്റെ ശക്തി അമ്മയാണ്. അമ്മയ്ക്ക് അന്ന് സുഖമില്ലാത്തതിനാൽ കൂടെ വന്നില്ല. ആ സംവിധായകൻ്റെ ഓഫീസും വീടും ഒരുമിച്ചായിരുന്നു. ചർച്ച ഓഫിസിലിരുന്ന് ചെയ്യുമെന്നാണ് ഞാൻ വിചാരിച്ചത്. ‘സർ മുകളിലുണ്ട്, അവിടെയിരുന്ന് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്ന് ഓഫിസിൽ നിന്നു പറഞ്ഞു.
അറിയുന്ന ആളായതുകൊണ്ട് അകത്തേക്കു വിളിച്ചപ്പോൾ കയറി ചെന്നു. നിഷ്കളങ്കയായ ടീനേജറായാണ് ഞാൻ ഉള്ളിലേക്ക് പോയത്. അയാൾ അവിടെ വച്ച് എന്നോട് മോശമായ രീതിയിലാണ് പെരുമാറിയത്. അവിടെ നിന്നും തിരിച്ചിറങ്ങുമ്പോൾ കളിച്ചു ചിരിച്ച് മുകളിലേക്ക് പോയ ഞാൻ ആയിരുന്നില്ല. എന്ത് അവിടെ നടന്നതെന്ന് എനിക്ക് മനസിലാക്കാൻ പോലും അന്ന് കഴിഞ്ഞിരുന്നില്ല.
എൻ്റെ തെറ്റാണോ ഇത്, അയാളാണോ തെറ്റ് ചെയ്‌തത്, അതോ ഇത് ചെയ്യാൻ അവസരം ഉണ്ടാക്കിയത് ഞാൻ ആണോ എന്നൊക്കെയുള്ള സംശയം പോലും എനിക്ക് തോന്നി.
ഞാൻ അന്ന് രാത്രി ഉറക്കഗുളികകൾ കഴിച്ചു. ആ സമയത്ത് എനിക്ക് വേറെ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അമ്മ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി രക്ഷപ്പെടുത്തി. അതിന് ശേഷം അമ്മ എന്നോട് പറഞ്ഞു, ഇത് എൻ്റെ തെറ്റല്ല, അത് ആദ്യം മനസ്സിലാക്കൂ എന്ന്.
“ഇത് നീ കാരണം അല്ല, അത് മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം. അത് അയാളുടെ തെറ്റാണ്. നീ ഇല്ലാതെ ഞാൻ ജീവിച്ചിരിക്കില്ല. ഇനി ഇങ്ങനെ ഒന്നും ചെയ്യരുത്’ എന്നു പറഞ്ഞു. അയാൾ ഒരു യുവാവൊന്നുമല്ല, എൻ്റെ അച്‌ഛൻ്റെ പ്രായമുള്ള ആളായിരുന്നു. അത് എനിക്കൊരു പാഠമായിരുന്നു അമ്മയുടെ വാക്കുകൾ എനിക്ക് ശക്തി പകർന്നു.
എന്നെ ആ സംഭവം കൂടുതൽ കരുത്തയാക്കി. വീണ്ടും ഞാൻ ഷൂട്ടിന് പോയി തുടങ്ങി. ഞാൻ പിന്നീട് അമ്മയെ കൂട്ടാതെ ആണ് പോയത്. കാരണം എല്ലാം നേരിടാൻ ഞാൻ മതി, എനിക്ക് ധൈര്യമുണ്ട് എന്ന് ഞാൻ തീരുമാനിച്ചു. എനിക്ക് ധൈര്യം ഉണ്ടായത് ആ സംഭവത്തിന് ശേഷമാണ്’ അശ്വിനി പറഞ്ഞു