കൊല്ലം ജില്ലയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 14 വയസുകാരനായ വിദ്യാർത്ഥി മരിച്ചു. മടത്തറ-കടയ്ക്കൽ റോഡിലെ പാങ്ങലുകാട് അമ്പാടി ജംഗ്ഷനിൽ നടന്ന അപകടത്തിൽ മുകുന്നേരി പാലയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ നവനീത് ആർ.എസ്. നായർ (14) ആണ് മരിച്ചത്.
അമ്മ സിന്ധ്യ പി. നായർക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നവനീതിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടർ ഓടിച്ചിരുന്ന സിന്ധ്യയ്ക്ക് നിസാര പരിക്കുകളാണ് ഉണ്ടായത്.
കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നവനീത്. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് സിന്ധ്യ.
സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.