ബെംഗളൂരുവിൽ ഒരേ കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂത്തമകളും കാമുകനും പ്രതികളെന്ന് പൊലീസ്. കെ.ആർ. പുരം പൊലീസ് പരിധിയിലെ സീഗെഹള്ളിയിലെ സായി ഗ്രീൻ അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ദമ്പതികളുടെ മൂത്തമകളായ ശ്വേതയും ലിവ്-ഇൻ പങ്കാളിയായ കെന്നത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഇരുവരും ഒളിവിൽ പോയതായും ഇവർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ശ്വേതയുടെയും കെന്നത്തിൻ്റെയും ബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തിരുന്നതായാണ് വിവരം. കൂടാതെ, ശ്വേതയ്ക്കുണ്ടായിരുന്ന വൻ കടബാധ്യതയും കുടുംബത്തിൽ നിരന്തരം തർക്കങ്ങൾക്ക് വഴിവെച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ആദ്യം വീട്ടിലുണ്ടായിരുന്ന അമ്മ മുത്തുലക്ഷ്മിയെ ആക്രമിച്ച ശേഷം പിന്നീട് വീട്ടിലെത്തിയ അച്ഛൻ സോമസുന്ദറിനെയും സഹോദരി സുപ്രിയയെയും കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിൻ്റെ നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts