നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ നിധി കമ്പനി ഉടമയെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിൻ്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ താര കൃഷ്ണനാണ് (51) തമ്പാനൂർ പൊലീസ് ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയും തൈയ്ക്കാട് ശാഖാ എം.ഡിയുമായ എറണാകുളം, കടവന്ത്ര എ.ബി.എം ടവേഴ്സിൽ കെ.ടി തോമസിനും (60) മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം ഡി.സി.പി ടി .ഫറാഷ് അറിയിച്ചു.
ഗോൾഡൻവാലി നിധി എന്ന പേരിൽ ആര്യനാട്, തൈക്കാട്, കാട്ടാക്കട, പട്ടം, തിരുമല, ഹരിപ്പാട്, വെള്ളാണിയിലെ പാമാംകോട് എന്നിവിടങ്ങളിൽ സ്ഥാപനം നടത്തി വന്നത്. നിധി കമ്പനിയുടെ മറവിൽ ഗോൾഡ് ലോണും, എഫ്.ഡി അക്കൗണ്ടുകളുമാണ് ഇവിടെ നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയാണ് നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്ന് ഡയറക്ടർമാരായ താര, തോമസ് എന്നിവരെ നിക്ഷേപകർ സമിപിച്ചപ്പോൾ സമയം നിട്ടി വാങ്ങി മുങ്ങുകയായിരുന്നു.