ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽ പെയിംഗ് ഗസ്റ്റ് (PG) താമസസ്ഥലത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒമ്പത് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
ഹെബ്ബഗൊഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിജി താമസ സ്ഥലത്താണ് ഇന്ന് രാവിലെ അപകടമുണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികൾ ഒരേ മുറിയിൽ താമസിച്ചുവരികയായിരുന്നു. രാവിലെ ഉറക്കമുണർന്നതിന് പിന്നാലെയാണ് സിലിണ്ടർ പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റവർ സമീപത്തെ ഒരു എൻജിനിയറിങ് കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. ഗുരുതരമായി പരിക്കേറ്റ ആറുപേർക്കും ശരീരത്തിൻ്റെ 60 ശതമാനത്തിലേറെ ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്.
എല്ലാ പരിക്കേറ്റവരെയും ഉടൻ ചന്ദാപുരയിലെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സയിൽ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പേരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ ഹെബ്ബഗൊടി പൊലീസ് അന്വേഷണം ആരംഭിച്ചു. എൽപിജി സിലിണ്ടർ ചോർച്ചയാണോ പൊട്ടിത്തെറിക്ക് കാരണമായതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.