ബാംഗ്ലൂർ നഗരത്തിലെ കുറ്റക്യത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി സിറ്റി പൊലീസ്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം കവർച്ച കേസുകൾ 47 ശതമാനവും, കവർച്ച 21 ശതമാനവും, പിടിച്ചുപറി 53 ശതമാനവും, വാഹന മോഷണങ്ങൾ 19 ശതമാനവും കുറവ് രേഖപ്പെടുത്തിയാതായി സിറ്റി പൊലീസ് പറഞ്ഞു. എന്നാൽ കൊലപാതകക്കേസുകൾ മാറ്റമില്ലാതെ തുടരുകയാണ്. 2025ൽ നഗരത്തിൽ 191 കൊലപാതകക്കേസുകൾ റിപ്പോർട്ട് ചെയ്‌തു. 2024ൽ ഇത് 185 ആയിരുന്നു.

കഴിഞ്ഞ മൂന്ന് നാല് വർഷത്തിനുള്ളിൽ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യാൻ സാധിച്ചിട്ടുണ്ട്. സ്ഥലം, സമയം, കുറ്റകൃത്യം എന്നിവ അടിസ്ഥാനമാക്കി ഒരു നിശ്ചിത കാലയളവിനുള്ളിലെ വിവരങ്ങൾ വിശകലനം ചെയ്യുകയും കമാൻഡ് സെൻ്ററിൽ സോഫ്റ്റ്വെയർ മാർഗനിർദേശങ്ങൾ നൽകുകയും അതിനനുസരിച്ച് എത്രയും പെട്ടെന്നു സംഭവം നടക്കുന്ന സ്ഥലത്തു എത്താൻ കഴിയുന്ന തരത്തിലാണ് പട്രോളിങ് വാഹനങ്ങൾ വിന്യസിച്ചിരിക്കുന്നത്.

2025 മേയ് വരെ സിറ്റി പൊലീസ് 5.35 ലക്ഷത്തിലധികം കാമറകൾ മൊബൈൽ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് സിസ്റ്റത്തിൽ (എം.സി.സി.ടി.എൻ.എസ്) ജിയോടാഗ് ചെയ്‌തിട്ടുണ്ട്. മാല മോഷണം, വാഹന മോഷണം എന്നിവയിൽ സി.സി ടി.വി വ്യക്തമായ തെളിവുകൾ നൽകുന്നു. ജിയോടാഗിങ്, സി സി ടി.വി കാമറ, എന്നിവയും കുറ്റകൃത്യം കുറയുന്നതിൽ പ്രമുഖ പങ്ക് വഹിക്കുന്നു. അക്രമ സ്വഭാവമുള്ളതും മോഷണത്തിനുവേണ്ടിയുള്ളതുമായ കൊലപാതകങ്ങൾ, ഗുണ്ടാസംഘങ്ങളുടെ ആക്രമണം എന്നിവ കുറഞ്ഞു. വൈകാരിക കൊലപാതകങ്ങൾ, കുടുംബവഴക്കുകൾ, സിവിൽ തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കൊലപാതകക്കേസുകളുടെ എണ്ണത്തിൽ കുറവൊന്നുമില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Posts