ദസറ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയുടെ വാദത്തെ എതിർത്ത് മൈസൂരു രാജ്ഞി പ്രമോദാദേവി വോഡയാർ രംഗത്ത്. മൈസൂരു കൊട്ടാരവും അതിലെ വസ്തുക്കളും സർക്കാരിൻ്റെ ഉടമസ്ഥതയിലാണെന്നും ദസറ എങ്ങനെ നടത്തണമെന്ന് സർക്കാർ തീരുമാനിക്കുമെന്നുമുള്ള മന്ത്രിയുടെ നിലപാടിനെതിരെയാണ് രാജ്ഞിയുടെ പ്രതികരണം.

ജംബൂസവാരിയിൽ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വഹിക്കുന്ന 750 കിലോ ഭാരമുള്ള സ്വർണ അമ്പാരി സർക്കാരിൻ്റെ സ്വത്തല്ലെന്നും രാജകുടുംബത്തിൻ്റെതാണെന്നും പ്രമോദാദേവി വ്യക്തമാക്കി. ജംബൂസവാരിക്കായി സിറ്റി പോലീസ് കമ്മിഷണറുടെ അഭ്യർഥനപ്രകാരമാണ് അമ്പാരി വിട്ടുനൽകുന്നതെന്നും അതിൻ്റെ സുരക്ഷാ ഉത്തരവാദിത്വം പോലീസിനാണെന്നും അവർ പറഞ്ഞു.

സർക്കാർ വകുപ്പുകളിൽനിന്നും പോലീസിൽനിന്നും അനധികൃത പാസുകൾ വാങ്ങിയ നിരവധി പേർ ഇത്തവണ അമ്പാരിക്കു സമീപം നിന്ന് സെൽഫിയെടുക്കുന്ന സാഹചര്യമുണ്ടായി. ഇത് സുരക്ഷാവീഴ്ചയാണെന്നും അവർ ആരോപിച്ചു. സവാരിക്കുശേഷം അമ്പാരി തിരികെ വാങ്ങാനെത്തിയ രാജകുടുംബ പ്രതിനിധികളെ പോലീസ് ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായും പ്രമോദാദേവി ആരോപിച്ചു.

വിജയദശമി, നവമി ദിവസങ്ങളിൽ കൊട്ടാരം പൂർണമായും രാജകുടുംബത്തിന് വിട്ടുനൽകണമെന്നും ജംബൂസവാരി മറ്റൊരു ദിവസം നടത്തണമെന്നുമായിരുന്നു രാജ്ഞിയുടെ ആവശ്യം. ദസറ ദിവസങ്ങളിലെ തിരക്ക് കാരണം കൊട്ടാരത്തിലെ മതപരമായ ആചാരങ്ങളും പൂജകളും മുടങ്ങുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, രാജ്ഞിയുടെ ആവശ്യം തള്ളിയ മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ ദസറ നടത്തിപ്പിലെ അന്തിമ തീരുമാനം സർക്കാരിൻ്റെതാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കൊട്ടാരത്തിൻ്റെ ഉടമസ്ഥാവകാശവും ദസറ നടത്തിപ്പിലെ അധികാരവും സംബന്ധിച്ച തർക്കം വീണ്ടും ചർച്ചയായത്.

Related Posts