ദസറ സീസണിൽ കർണാടക ആർടിസിക്ക് റെക്കോഡ് വരുമാനം. 2024നെ അപേക്ഷിച്ച് 30 ശതമാനം അധികവരുമാനമാണ് ഇത്തവണ നേടിയത്. തിരക്ക് കുറയ്ക്കാൻ ദസറക്ക് കെഎസ്ആർടിസി 600ഓളം സ്പെഷ്യൽ ബസുകൾ നിരത്തിലിറക്കിയിരുന്നു. ബസുകളിലെല്ലാം നല്ല തിരക്കായിരിന്നു.
സാധാരണ പ്രതിദിനം 3.5 ലക്ഷംപേരാണ് മൈസൂരു സിറ്റി ബസുകളിൽ യാത്ര ചെയ്യാറുള്ളത്. ദസറ ദിവസങ്ങളിൽ ഇത് 5.5 ലക്ഷമായി ഉയർന്നു. മൈസൂരു റൂറൽ ഡിവിഷൻ 350 സ്പെഷ്യൽ ബസുകളും ബെംഗളൂരു റൂറൽ ഡിവിഷൻ 250 ബസുകളും ഓടിച്ചു. കർണാടകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിദിനം ശരാശരി 2.5 ലക്ഷം പേർ മൈസൂരുവിലേക്ക് യാത്ര ചെയ്തിരുന്നു.
മൈസൂരു അർബൻ ഡിവിഷൻ 1.7 കോടി രൂപയുടെ അധികവരുമാനവും മൈസൂരു റൂറൽ ഡിവിഷൻ 6.2 കോടി രൂപയുടെ അധികവരുമാനവും നേടി. മൈസൂരു നഗരം, ബൃന്ദാവൻ ഗാർഡൻസ്, മൃഗശാല, ചാമുണ്ടി ഹിൽസ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കാണ് ആളുകൾ ഒഴുകിയെത്തിയത്.