പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ കന്നഡിഗരോട് മാപ്പുപറഞ്ഞ് ഗായകൻ സോനു നിഗം. ഒക്ടോബർ 24ന് ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന സംഗീതപരിപാടിക്ക് മുന്നോടിയായാണ് വിഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. കന്നഡിഗരുമായുള്ള ബന്ധം നിലനിർത്താൻ ആയിരം തവണ മാപ്പുപറയാനും തനിക്ക് മടിയില്ലെന്ന് സോനു നിഗം പറഞ്ഞു. അറിയാതെ പറഞ്ഞ ഏതെങ്കിലും വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും കർണാടകയിൽനിന്ന് കഴിഞ്ഞ 30 വർഷമായി ലഭിക്കുന്ന സ്നേഹവും ആദരവും വിലമതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കന്നഡയിൽ പാട്ടുപാടണമെന്ന സദസ്സിലിരുന്ന ഒരാളുടെ അഭ്യർഥനയോട് പ്രതികരിക്കവെ, കന്നഡയിൽ പാടാൻ ആവശ്യപ്പെട്ടത് പഹൽഗാം ആക്രമണത്തിന് കാരണമാകുന്ന തരത്തിലുള്ള സംഭവമാണെന്ന രീതിയിൽ സോനു നിഗം പ്രതികരിച്ചതാണ് വിവാദമായത്. 2025 ഏപ്രിലിൽ ബെംഗളൂരുവിലെ ഈസ്റ്റ് പോയിന്റ് കോളജിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. പരാമർശത്തിനെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെആർവി) സോനു നിഗത്തിൻ്റെ സംഗീതപരിപാടിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്ക് കത്തുനൽകിയിരുന്നു. പരിപാടി നടന്നാൽ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
ഒക്ടോബർ 24ന് വൈകിട്ട് ഏഴിന് തനിസാന്ദ്ര മെയിൻ റോഡിലെ ഭാരതീയ മാളിലാണ് സോനു നിഗത്തിൻ്റെ ദ റെവല്യൂഷൻ ഇന്ത്യ ടൂർ സംഗീതപരിപാടി നിശ്ചയിച്ചിരിക്കുന്നത്.