സഹപൈലറ്റിൻ്റെ ആക്രമണത്തെ ധീരമായി ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെയുള്ള വിമാന ജീവനക്കാരെ യുഎഇ ഉന്നത ബഹുമതി നൽകി ആദരിച്ചു. ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് പുരസ്കാരമാണ് ഇവർക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡണ്ട് നേരിട്ടാണ് ബഹുമതി നൽകിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. പൈലറ്റിനെ ആക്രമിച്ച് വിമാനം തകർക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.
ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ ആക്രമണത്തെ ചെറുത്തു. ഇതിനിടെ കോക്പിറ്റിൻ്റെ വാതിൽ തുറന്നതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് അക്രമിയെ കീഴടക്കി. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
ക്യാപ്റ്റൻ സ്മിത്ത് മച്ചാറിൻ്റെ സമയോചിതമായ ഇടപെടലും ധീരതയും വലിയൊരു വിമാനദുരന്തം ഒഴിവാക്കിയതായി യുഎഇ അധികൃതർ വിലയിരുത്തി. അദ്ദേഹത്തിൻ്റെയും മറ്റ് ജീവനക്കാരുടെയും ധീരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഉന്നത ബഹുമതി സമ്മാനിച്ചത്.