ദൊഡ്ഡബല്ലാപ്പുരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു. പാലനജോഗഹള്ളി സ്വദേശികളായ ഇർഫാന (46), റൂകിയ (13), റാകിയ (8) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
അവധിക്കാലം ചെലവഴിക്കുന്നതിനായി ഹിന്ദുപൂരിൽ നിന്ന് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടികൾ. അവധി കഴിഞ്ഞതോടെ സ്കൂളിലേക്ക് മടങ്ങുന്നതിനായി മുത്തശ്ശിക്കൊപ്പം യാത്ര തിരിക്കുകയായിരുന്നു.
ദൊഡ്ഡബല്ലാപ്പുരിലെ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം സൗകര്യമില്ലാത്തതിനാൽ ട്രെയിൻ കയറുന്നതിനായി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് മൂന്നുപേരും അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
ട്രെയിൻ അടുത്തെത്തുന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണോ അപകടകാരണമെന്ന് ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ യശ്വന്ത്പൂർ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.