മൈസൂർ സെൻട്രൽ ജയിൽ ഉൾപ്പെടെ സംസ്ഥാനത്തെ ഒമ്പത് പ്രധാന ജയിലുകളിൽ സാങ്കേതികവിദ്യാധിഷ്ഠിത ജയിൽ മാനേജ്മെൻ്റ് സംവിധാനം വരുന്നു. ജയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം. പരപ്പന അഗ്രഹാര ജയിലിൽ സംവിധാനത്തിൻ്റെ ട്രയൽ റൺ നടത്തി.

ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഫോൺ കാളിങ് കിയോസ്ക്കുകൾ, തടവുകാരുടെ ചലനം തത്സമയം നിരീക്ഷിക്കുക, പണരഹിത കാൻ്റീൻ സംവിധാനം എന്നിവ ഡിജിറ്റൽ പരിഷ്കരണത്തിൽ ഉൾപ്പെടും. ബംഗളൂരു, മൈസൂരു, ശിവമൊഗ്ഗ, ബെല്ലാരി, കലബുറഗി, വിജയപുര, ബെലഗാവി, ധാർവാഡ്, ബിദർ എന്നിവിടങ്ങളിലെ ജയിലുകളിലാണ് സംവിധാനം നടപ്പാക്കുകയെന്ന് ജയിൽ & കറക്ഷനൽ സർവിസസ് പൊലീസ് ഡയറക്‌ടർ ജനറൽ അലോക് കുമാർ പറഞ്ഞു.

ജയിലുകളിൽ 115 ബയോമെട്രിക് കാളിങ് കിയോസ്‌കുകൾ സ്ഥാപിക്കാനാണ് തീരുമാനം. മൈസുരു സെൻട്രൽ ജയിലിൽമാത്രം 10 കിയോസ്ക്കുകൾ സ്ഥാപിക്കും. മുഖം തിരിച്ചറിയലും വിരലടയാളവും നടത്തിയ ശേഷം മാത്രമേ തടവുകാരെ ഫോൺ വിളിക്കാൻ അനുവദിക്കുകയുള്ളൂ. മുൻകുട്ടി പരിശോധിച്ച നമ്പറുകളിലേക്ക് മാത്രമായി കാളുകൾ പരിമിതപ്പെടുത്തും.

പണരഹിതവും ബയോമെട്രിക് സൗകര്യമുള്ളതുമായ കാൻ്റീനുകൾ ആരംഭിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ജയിൽ നിയമാനുസൃതമായി ചെലവ് ബന്ധുക്കൾക്ക് ഓൺലൈനായി അടക്കാൻ കഴിയും. ഉത്തരവാദിത്തം മെച്ചപ്പെടുത്തുക, മനുഷ്യരുടെ ഇടപെടൽ കുറക്കുക, ജയിലുകൾക്കുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നിവയാണ് സാങ്കേതികവിദ്യ നവീകരണം ലക്ഷ്യമിടുന്നതെന്ന് അലോക് കുമാർ പറഞ്ഞു.

Related Posts