പോലിസ് കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഷാഫി പറമ്പില്‍ എംപിയും സഞ്ചരിച്ച വാഹനമാണ് പോലിസ് സംഘം തടഞ്ഞു പരിശോധിച്ചത്. നിലമ്പൂര്‍ വടപുറത്ത് ഇന്നലെ രാത്രി പത്ത് മണിയോടെയാ യിരുന്നു സംഭവം. രാഹുലും ഷാഫിയും സഞ്ചരിച്ച വാഹനം പോലിസ് കൈ കാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പരിശോധനയാണെന്ന് അറിയിച്ചു.

പോലീസ് കാറിന്‍റെ ഡിക്കിയിലുണ്ടായിരുന്ന പെട്ടി താഴെയിറക്കി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥരോട് കോണ്‍ഗ്രസ് നേതാക്കള്‍ പൊട്ടിത്തെറിച്ചു. എംപിയും എംഎല്‍എയും പൊട്ടിമുളച്ച് ആയതല്ലെന്നും ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പോലീസ് സിപിഎമ്മിന് വേണ്ടി വേഷം കെട്ടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. സര്‍വീസിനുള്ള പാരിതോഷികം തരാമെന്നും ഓര്‍ത്തു വെച്ചോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പോലിസ് പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയും പരിശോധന നടത്തിയിരുന്നു.

“പോലീസുകാരന്‍ കൈ കാണിച്ച് നിര്‍ത്തിയത് ഭക്ഷണം കഴിച്ചുവരുമ്പോഴാണ്. പോലീസുകാര്‍ക്ക് വാഹനം പരിശോധിക്കാനുള്ള അവകാശം ഉണ്ട്. ഞങ്ങളതിനോട് സഹകരിച്ചു. ഡിക്കി തുറക്കാനും പെട്ടി പുറത്തെടുക്കാനും പറഞ്ഞു. ഞാന്‍ തന്നെ എല്ലാം പുറത്തെടുത്ത് വെച്ചു.

അപ്പോ പറഞ്ഞു, കുഴപ്പമില്ല, പോയ്‌ക്കോളൂവെന്ന് അത് ശരിയല്ല, നിങ്ങള്‍ പുറത്ത് നിന്ന് നോക്കിയാല്‍ കാണുമോ എന്ന് ഞാന്‍ ചോദിച്ചു. പരിശോധിച്ചിട്ട് എന്തെങ്കിലും കിട്ടിയോ ഇല്ലയോ എന്ന് പറയാനും ആവശ്യപ്പെട്ടു. അതിന്‍റെ ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പരിശോധിച്ചിട്ട് പോയാല്‍ മതിയെന്ന് ഞങ്ങള്‍ നിര്‍ബന്ധം പിടിച്ചു” ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു.

Related Posts