കൊല്ലത്ത് കേസ് അന്വേഷിക്കാനെത്തിയ എസ്‌ഐയെ പ്രതി കടിച്ചു. കുണ്ടറ എസ്‌ഐ പി. സച്ചിന്‍ ലാലിനെയാണ് പ്രതി കടിച്ചത്.ഒപ്പമുണ്ടായിരുന്ന സിപിഒ എസ് ശ്രീജിത്തിനെ പട്ടിയെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് കൊല്ലം പടപ്പക്കരയില്‍ അയല്‍വാസിയെ മര്‍ദിച്ചെന്ന കേസ് അന്വേഷിക്കാനെത്തിയ പോലിസ് സംഘത്തിനുനേരേ ആക്രമണമുണ്ടായത്. ലഹരിയിലായിരുന്ന പ്രതി പടപ്പക്കര ജിജോ സദനത്തില്‍ ജിജേഷി(40)നെ പിന്നീട് കൂടുതല്‍ പോലിസ് എത്തി കീഴ്‌പ്പെടുത്തി. പോലീസിനെ ആക്രമിച്ചതടക്കം കുണ്ടറ പോലീസ് സ്റ്റേഷന്‍റെ പരിധിയിൽ 12-ഓളം ക്രിമിനൽ കേസുകളാണ് പ്രതിക്കെതിരേയുള്ളതെന്ന് പോലീസ് അറിയിച്ചു.

പ്രതിയായ ജിജേഷ് തന്നെ മര്‍ദ്ദിച്ചെന്ന് അയല്‍വാസിയായ സ്ത്രീ കുണ്ടറ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചു പരാതി പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. പോലിസ് രാത്രിയില്‍ എത്തിയപ്പോള്‍ പ്രതി വീട്ടില്‍ ഇല്ലായിരുന്നു. പിന്നീട് നെല്ലിമുക്കം ഭാഗത്തെ അഷ്ടമുടിക്കായലോരത്ത് ഇയാളെ കണ്ടു. പ്രതി പോലിസുകാരെ കണ്ടയുടന്‍ ആക്രമണം തുടങ്ങിയെന്ന് പോലിസ് പറഞ്ഞു. ഇതിനിടെ സമീപത്തെ വീട്ടിലെ പട്ടിയെ വിളിച്ച് കടിയെടാന്ന് ആക്രോശിച്ചതോടെ പട്ടി ഓടിയെത്തി സിപിഒ ശ്രീജിത്തിനെ കടിക്കുകയായിരുന്നു. കടിയേറ്റ ഇരുവരും കുണ്ടറ താലൂക്ക് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയിരിക്കുകയാണ്.

Related Posts