ഒന്നാം ക്ളാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞ അദ്ധ്യാപകനെ വീട്ടിലെത്തി മർദ്ദിച്ചു. ഇടുക്കി ചെറുതോണിക്ക് സമീപത്തായിരുന്നു സംഭവം. അദ്ധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജിനായിരുന്നു ക്രൂരമർദ്ദനമേറ്റത്. പുഷ്പഗിരി മാക്കൽ ശരത് ശശിയാണ് മർദ്ദിച്ചത്. നേരത്തേ ശരത്തിനെയും ലിൻസ് ട്യൂഷനെടുത്തിട്ടുണ്ട്. സ്വകാര്യ സ്കൂളിലാണ് ശരത്തിൻ്റെ മകൻ പഠിക്കുന്നത്.
മദ്യലഹരിയിൽ സുഹൃത്തിനൊപ്പമാണ് ലിൻസിൻ്റെ വീട്ടിൽ ശരത് എത്തിയത്. വന്നപാടെ ആരാടാ കൊച്ചിനെ തല്ലിയതെന്ന് ചോദിച്ച് ലിൻസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ലിൻസിൻ്റെ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ചായിരുന്നു മർദ്ദനം.
അവർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശരീരമാസകലം ക്ഷതമേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലാണ് എത്തിച്ചത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവസ്ഥ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
ശരത്തിനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരെ കേസെടുത്തിട്ടില്ല. മകനെ വഴക്കുപറഞ്ഞത് മാത്രമാണോ മർദ്ദനത്തിന് കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.