നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. എഫ്.ഐ.ആറിൽ പറയുന്നത് വിദ്യാർത്ഥി യുടെ മരണം കാൽ വൈദ്യുതികമ്പിയിൽ തട്ടിയതുമൂലമാണെന്നാണ്. സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ജിത്തുവിൻ്റെ ബന്ധുവായ സുരേഷിൻ്റെ പരാതിയിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാർഥിയായ ജിത്തുവാണ് മരിച്ചത്. ജിത്തുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ സുരേഷിനും വൈദ്യുതാഘാതം ഏറ്റതായി പരാതിയിൽ പറയുന്നു.
അപകടകരമായി സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ഫെൻസിങിന് സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് ജിത്തു മരിച്ചത്. ഫുട്ബോൾ കളിക്കുശേഷം മീൻ പിടിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർക്ക് പരുക്കേറ്റു. ഫെൻസിങിൽ നിന്ന് ഷോക്കേറ്റതാണെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.