ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. എസ്ഐടിക്ക് മുന്നിൽ വെള്ളിയാഴ്ച ഹാജരായ തന്ത്രിയെ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടിളപ്പാളി കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.
ആചാര ലംഘനത്തിന് തന്ത്രി കൂട്ടുനിന്നുവെന്നും താന്ത്രിക വിധികള്‍ പാലിക്കാതെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികള്‍ കൈമാറിയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവരാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ അടക്കമുള്ളവർ ഈക്കാര്യം എസ്ഐടിക്കു മൊഴി നൽകിയിരുന്നു.