വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പി.യു.സി) നൽകുന്നതിനുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. വാഹനത്തിൻ്റെ എമിഷൻ നിലവാരം, പഴക്കം, ഉപയോഗരീതി എന്നിവ പരിഗണിച്ചായിരിക്കും ഇനി സർട്ടിഫിക്കറ്റിൻ്റെ കാലാവധി നിശ്ചയിക്കുക. പുതിയ നിർദേശപ്രകാരം വിവിധ ബിഎസ് വിഭാഗങ്ങളിലുള്ള വാഹനങ്ങൾക്ക് വ്യത്യസ്ത പരിശോധനാ ഇടവേളകളാണ് നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ പുതിയ ചട്ടങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും വ്യത്യസ്ത കാലാവധികളുണ്ട്. ആറു വർഷം വരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്ക് മൂന്ന് വർഷത്തേക്കും സമാന പ്രായമുള്ള ബിഎസ്-6 വാണിജ്യ വാഹനങ്ങൾക്ക് രണ്ടു വർഷത്തേക്കുമാണ് പി.യു.സി സർട്ടിഫിക്കറ്റ് ലഭിക്കുക. ആറു മുതൽ പത്ത് വർഷം വരെ പഴക്കമുള്ള ബിഎസ്-6 വാഹനങ്ങൾക്ക് ഒരു വർഷവും പത്ത് വർഷം കഴിഞ്ഞവയ്ക്ക് ആറു മാസവുമാണ് കാലാവധി.

വാഹന വിഭാഗം പി.യു.സി കാലാവധി
ബിഎസ്-1, ബിഎസ്-2, ബിഎസ്-3 3 മാസം
ബിഎസ്-4 6 മാസം
ബിഎസ്-6 സ്വകാര്യ വാഹനം (6 വർഷം വരെ) 3 വർഷം
ബിഎസ്-6 സ്വകാര്യ വാഹനം (6–10 വർഷം) 1 വർഷം
ബിഎസ്-6 സ്വകാര്യ വാഹനം (10 വർഷത്തിന് മുകളിൽ) 6 മാസം
ബിഎസ്-6 വാണിജ്യ വാഹനം (6 വർഷം വരെ) 2 വർഷം
ബിഎസ്-6 വാണിജ്യ വാഹനം (6–10 വർഷം) 1 വർഷം
ബിഎസ്-6 വാണിജ്യ വാഹനം (10 വർഷത്തിന് മുകളിൽ) 6 മാസം

2017 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി വാഹനങ്ങൾ ബിഎസ്-3 അല്ലെങ്കിൽ അതിനു താഴെയുള്ള വിഭാഗത്തിൽപ്പെടുന്നതിനാൽ അവയ്ക്ക് മൂന്ന് മാസത്തിലൊരിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കേണ്ടിവരും.

നിലവിലുള്ള പി.യു.സി സർട്ടിഫിക്കറ്റുകൾക്ക് പുതിയ കാലാവധി ഉടൻ ബാധകമാകില്ല. ചട്ടം പ്രാബല്യത്തിൽ വന്നശേഷം ആദ്യമായി പുതുക്കുമ്പോഴാണ് പുതിയ കാലാവധി ബാധകമാകുക. സർട്ടിഫിക്കറ്റ് കാലാവധി തീരുന്നതിന് തൊട്ടുമുമ്പുള്ള പത്ത് ദിവസത്തിനുള്ളിൽ പുതുക്കിയാൽ പുതിയ സർട്ടിഫിക്കറ്റിൻ്റെ കാലാവധി പഴയത് അവസാനിക്കുന്ന ദിവസം മുതൽ കണക്കാക്കും.

Related Posts