മണ്ഡലകാലത്തോടനുബന്ധിച്ച് സമന്വയ അൾസൂർ ഭാഗിൻ്റെ നേതൃത്വത്തിൽ അയ്യപ്പ ഭജനാമൃതത്തിന് തുടക്കമായി. വൃശ്ചികം ഒന്നാം തീയതിയായ നവംബർ 17ന് അൾസൂർ ഭാഗ് രക്ഷാധികാരി അഡ്വ. ഇ.കെ. തങ്കപ്പൻ്റെ വസതിയിൽ ഭജനയും പടിപൂജയും അന്നദാനവും നടത്തി.
മണ്ഡലകാലത്ത് വൃശ്ചികം ഒന്നുമുതൽ ധനു 12 വരെ (നവംബർ 17 മുതൽ ഡിസംബർ 27 വരെ) എല്ലാ ദിവസവും ഓരോ ഭവനങ്ങളിലും അയ്യപ്പ പൂജ, ഭജന, പടിപൂജ എന്നിവ സംഘടിപ്പിക്കാനാണ് സമന്വയ അൾസൂർ ഭാഗിൻ്റെ തീരുമാനം. ഭജനാമൃതം നടത്താൻ താൽപര്യമുള്ളവർക്ക് സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.
സമന്വയ സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഡോ. നാരായണ പ്രസാദിൻ്റെ മേൽനോട്ടത്തിലാണ് ഭജനാമൃത പരിപാടികൾ സംഘടിപ്പിക്കുന്നത്. ഭജനാമൃതം കോർഡിനേറ്റർ വിനോദ് പിള്ള, ഓർഗനൈസിംഗ് സെക്രട്ടറി അജിത സുധാകരൻ, മാതൃസമിതി പ്രസിഡണ്ട് ഗിരിജ ശിവദാസ്, ടി.എസ്. സുധാകരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഭജനാമൃതത്തിൽ പങ്കെടുത്ത എല്ലാവർക്കും രക്ഷാധികാരി അഡ്വ. ഇ.കെ.തങ്കപ്പൻ നന്ദി അറിയിച്ചു.