ലോകപ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ. കെ.പി. പ്രഭാകരൻ നായർ (88) അന്തരിച്ചു. കോഴിക്കോട് പ്രൊവിഡൻസ് കോളജിന് സമീപമുള്ള ഗുഡ് എർത്ത് ഫ്ലാറ്റിലെ ഫ്ലോറിക്കൻ ഹിൽ വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
കോയമ്പത്തൂർ കാർഷിക സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡോക്ടറേറ്റും ബെൽജിയത്തിലെ ഗെന്റ് സർവകലാശാലയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദവും കരസ്ഥമാക്കി. നിരവധി വിദേശ സർവകലാശാലകളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
ജനിതകമാറ്റം വരുത്തിയ വഴുതനവിത്തുകൾക്കെതിരായ നിയമപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം മഞ്ഞൾ, ഇഞ്ചി എന്നിവയുടെ പേറ്റന്റ് തർക്കങ്ങളിലും സജീവമായി ഇടപെട്ടു. സുപ്രീംകോടതി നിയോഗിച്ച ബിടി വഴുതന സംബന്ധിച്ച സ്വതന്ത്ര വിദഗ്ധ സമിതിയുടെ അധ്യക്ഷനുമായിരുന്നു.
ജർമനിയിലെ അലക്സാണ്ടർ വോൺ ഹംബോൾട്ട് ഫൗണ്ടേഷൻ്റെ സീനിയർ ഫെല്ലോ, ബെൽജിയത്തിലെ റോയൽ സൊസൈറ്റിയിലും നാഷണൽ സയൻസ് ഫൗണ്ടേഷനിലും പ്രഫസർ എന്നീ നിലകളിലും പ്രവർത്തിച്ചു. ലോകപ്രശസ്ത കാർഷിക പ്രസിദ്ധീകരണമായ ‘അഡ്വാൻസസ് ഇൻ അഗ്രോണമി’യിൽ തുടർച്ചയായി നാലുതവണ ലേഖനമെഴുതാൻ ക്ഷണിക്കപ്പെട്ട ഏക കാർഷിക ശാസ്ത്രജ്ഞനെന്ന അപൂർവ നേട്ടവും അദ്ദേഹത്തിനുണ്ട്.
റോബർട്സൺ മെമ്മോറിയൽ ഗോൾഡ് മെഡൽ ഉൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കാർഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും ഏലക്കൃഷിയെക്കുറിച്ചും പുസ്തകങ്ങളും രചിച്ചു. ഭാര്യ ഡോ. പങ്കജം നായർ. മക്കൾ: ഡോ. കണ്ണൻ, അമ്മു.