വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ലക്ഷ്യമിട്ട് ബെംഗളൂരുവിൽ മൂന്ന് ദിവസത്തെ കൃഷിമേള 2026ന് തുടക്കമായി. ഗാന്ധി കൃഷി വിജ്ഞാന കേന്ദ്ര (ജികെവികെ) ക്യാംപസിൽ കാർഷിക സർവകലാശാലയാണ് മേള സംഘടിപ്പിക്കുന്നത്. ജലസംരക്ഷണം, നൂതന കൃഷിരീതികൾ, കർഷകരുടെ വരുമാനവർധന എന്നിവയ്ക്കാണ് ഇത്തവണ പ്രാധാന്യം.

ഉദ്ഘാടന ചടങ്ങിൽ മൂന്ന് പുതിയ വിളയിനങ്ങൾ പുറത്തിറക്കി. വരൾച്ചയെ പ്രതിരോധിക്കുന്ന റാഗി ഇനമായ ജിപിയു 101, ഉയർന്ന പ്രോട്ടീൻ അടങ്ങിയ ചീരയിനമായ കെബിജിഎ 18, ഉയർന്ന വിളവിന് അനുയോജ്യമായ ഹൈബ്രിഡ് ചോളം ഇനമായ എംഎച്ച് 2045 എന്നിവയാണവ. 61-ാം വർഷത്തിലേക്ക് കടന്ന സർവകലാശാല ഇതുവരെ 340ലേറെ വിളയിനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.

കർണാടകയിലെ 240 താലൂക്കുകളിൽ 226 എണ്ണവും വരൾച്ച നേരിടുകയാണെന്ന് കൃഷിമന്ത്രി പി.എം. നരേന്ദ്രസ്വാമി പറഞ്ഞു. ദുരിതബാധിതരായ കർഷകർക്ക് പ്രാഥമിക സഹായമായി 5,000 രൂപ നൽകും. ഖാരിഫ് സീസണിൽ 37.5 ലക്ഷം കർഷകർ വിള ഇൻഷുറൻസിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മഴവെള്ള സംഭരണം, കൃഷിയിടങ്ങളിലെ ജലസംഭരണികൾ, സൂക്ഷ്മ ജലസേചനം, ഡ്രോൺ സാങ്കേതികവിദ്യ, എഐ അധിഷ്ഠിത കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മണ്ണിൻ്റെ ആരോഗ്യവിവരങ്ങളും വിളരോഗ മുന്നറിയിപ്പുകളും ലഭ്യമാക്കുന്ന ‘റൈത ചൈതന്യ’, ചെറുകിട കർഷകർക്ക് കാർഷിക സേവനങ്ങൾ ഉറപ്പാക്കുന്ന ‘നേഗിലു യോഗി’ പദ്ധതികളും നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.

വിള ഇൻഷുറൻസ് നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കണമെന്നും ഭക്ഷ്യസംസ്കരണം, കോൾഡ് സ്റ്റോറേജ്, മൂല്യവർധന എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും മേള ഉദ്‌ഘാടനം ചെയ്ത കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ ആവശ്യപ്പെട്ടു.

നൂറോളം സാങ്കേതികവിദ്യാ സ്റ്റാളുകൾ, ഹണി ഗാർഡൻ, പ്രാണികളുടെ വിസ്മയലോകം, കാർഷിക പ്രദർശനങ്ങൾ എന്നിവയാണ് മേളയിലെ പ്രധാന ആകർഷണങ്ങൾ. മികച്ച കർഷകരെയും യുവകർഷകരെയും വനിതാ കർഷകരെയും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

Related Posts