ശാസ്ത്ര-ഗവേഷണ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ (ഐ.എസ്.എഫ്) നൽകുന്ന ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ആറു യുവ ഗവേഷകരാണ് പുരസ്കാരത്തിന് അർഹരായത്. സ്വർണമെഡൽ, പ്രശസ്തിപത്രം, ഒരു ലക്ഷം ഡോളർ (ഏകദേശം 94.05 ലക്ഷം രൂപ) എന്നിവ അടങ്ങുന്നതാണ് ഓരോ പുരസ്കാരവും. ശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹിക ശാസ്ത്രം തുടങ്ങിയ മേഖലകളിലെ ഗവേഷണ മികവിനും പുതുമയാർന്ന കണ്ടെത്തലുകൾക്കും നൽകുന്ന അംഗീകാരമാണ് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ.
പ്രിൻസ്റ്റൺ സർവകലാശാലയിലെ ഇക്കണോമിക്സ് ആൻഡ് പബ്ലിക് അഫയേഴ്സ് അസോസിയേറ്റ് പ്രൊഫസർ കാർത്തിക് ശാസ്ത്രിയാണ് സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ പുരസ്കാരം നേടിയത്. കാർണഗി മെലൺ സർവകലാശാലയിലെ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ സ്വരുൺ കുമാർ എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലും പുരസ്കാരത്തിന് അർഹനായി.
ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിൽ ജിൻഡൽ ഗ്ലോബൽ ലോ സ്കൂൾ പ്രൊഫസറും യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ ഗ്രീൻ ഫെലോയുമായ ഗൗതം ഭാട്ടിയയാണ് പുരസ്കാര ജേതാവ്.
ലൈഫ് സയൻസ് വിഭാഗത്തിൽ ഗ്ലാഡ്സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് ഇൻവെസ്റ്റിഗേറ്ററും കാലിഫോർണിയ സർവകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഇഷാ ജെയിൻ പുരസ്കാരം നേടി.
ഗണിതശാസ്ത്ര വിഭാഗത്തിൽ ബെംഗളൂരുവിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൻ്റെ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ഋദ്ധിപ്രതിം ബസുവും ഭൗതികശാസ്ത്ര വിഭാഗത്തിൽ സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ അസിസ്റ്റന്റ് പ്രൊഫസർ മനോജ് കുമാർ ജോഷിയും പുരസ്കാരത്തിന് അർഹരായി.