തനിഷ്ക് ജുവലറിയിൽ നിന്ന് 25 കോടിയിലേറെ രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതി നിശാന്ത് പിടിയിൽ. സേലത്തേക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. കാമുകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷിക്ക് വീട് നിർമിക്കാനും കടങ്ങൾ തീർക്കാനുമാണ് നിശാന്ത് വൻ കവർച്ച നടത്തിയതെന്നാണ് അന്വേഷണത്തിൽ ലഭിക്കുന്ന വിവരം.
പ്രതിയെ കണ്ടെത്തുന്നതിനായി നേരത്തെ രണ്ട് പ്രത്യേക പൊലീസ് സംഘങ്ങൾ ഹൈദരാബാദ്, ബെംഗളൂരു, പൊള്ളാച്ചി എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. കേസിൽ മീനാക്ഷിയെയും നിശാന്തിൻ്റെ പിതാവ് സുരേഷിനെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് കിലോയോളം സ്വർണവും പൊലീസ് കണ്ടെടുത്തിരുന്നു.
കൃത്യമായ ആസൂത്രണത്തോടെയാണ് നിശാന്ത് കവർച്ച നടത്തിയതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. മോഷണത്തിന് മുന്നോടിയായി ഇയാൾ നിരവധി തവണ ജ്വല്ലറിയിലെത്തിയിരുന്നു. നവംബർ അഞ്ചിന് പുലർച്ചെ മൂന്നിനും നാലിനുമിടയിൽ ഷോറൂമിൻ്റെ ലിഫ്റ്റ് മെയിന്റനൻസ് ഏരിയ വഴി അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നവംബർ 12ന് വീണ്ടും എത്തിയ നിശാന്ത് ഏകദേശം 20 കിലോയോളം സ്വർണാഭരണങ്ങൾ കവർന്നെന്നാണ് കേസ്.
മധുരയിലെ കോളജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കുന്നതിനിടെയാണ് നിശാന്ത് മീനാക്ഷിയെ പരിചയപ്പെട്ടത്. പിന്നീട് പഠനം ഉപേക്ഷിച്ച ഇയാൾ മീനാക്ഷിയുടെ യൂട്യൂബ് ചാനലിൻ്റെ വീഡിയോ എഡിറ്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്തിരുന്നതായാണ് വിവരം.
കവർന്ന സ്വർണം മദകുളം ടാങ്കിന് സമീപത്തെ വയലിൽ ഒളിപ്പിക്കാനായിരുന്നു നിശാന്തിൻ്റെ പദ്ധതിയെന്നാണ് അന്വേഷണസംഘം കരുതുന്നത്. കവർച്ചയ്ക്ക് ശേഷം തിരുപ്പറങ്കുണ്ട്രത്തെ പാലത്തിന് സമീപത്തേക്ക് പിതാവ് സുരേഷിനെ വിളിച്ചുവരുത്തി സ്വർണം കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
നിശാന്തിനെ പിടികൂടിയതോടെ കവർച്ചയുടെ ആസൂത്രണം, മോഷ്ടിച്ച സ്വർണത്തിൻ്റെ ബാക്കി എവിടെയാണെന്നത്, മറ്റ് ആളുകളുടെ പങ്കാളിത്തം എന്നിവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.