വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അംഗീകാരം നൽകിയതോടെ, വഖഫ് ബോർഡിൻ്റെ മുസ്ലിം കേന്ദ്രീകൃത സ്വഭാവം നഷ്ടപ്പെടാൻ സാദ്ധ്യതയേറി. മുസ്ലിങ്ങൾ അല്ലാത്ത രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയിൽ വേണമെന്നതടക്കം ഭരണപക്ഷം മുന്നോട്ടുവച്ച 14 ഭേദഗതികൾ ഇന്നലെ ചേർന്ന ജെ.പി.സി യോഗത്തിൽ അംഗീകരിച്ചു.
ഈ ഭേദഗതികളോടെ അന്തിമറിപ്പോർട്ട് ജനുവരി 31ന് സമർപ്പിക്കാനാണ് ജെ.പി.സി അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ ജഗദംബിക പാലിൻ്റെ ശ്രമം. റിപ്പോർട്ട് അന്തിമമായി അംഗീകരിക്കാൻ നാളെ ജെ.പി.സി വീ ണ്ടും ചേരും. ഓരോ ഭേദഗതി നിർദ്ദേശവും വിശദമായി ചർച്ച ചെയ്‌തതായി ജഗദംബിക പാൽ വ്യക്തമാക്കി. ഭരണപക്ഷത്തിൻ്റെ ഭേദഗതികൾക്ക് അനുകൂലമായി 16 വോട്ടുകൾ ലഭിച്ചു. എതിർത്ത് 10 വോട്ടും. ജെ.പി.സിയിൽ ഭരണ പക്ഷ അംഗങ്ങളുടെ എണ്ണം കൂടുതലാണ്.
44 ഭേദഗതികൾ കേന്ദ്രസർക്കാർ 2024 ആഗസ്റ്റിൽ കൊണ്ടുവന്ന ബില്ലിൽ വ്യവസ്ഥ ചെയ്‌തിരുന്നു. അവയിൽ 14 എണ്ണത്തിലാണ് ജെ.പി.സിയിൽ മാറ്റങ്ങളുണ്ടായത്. ബി.ജെ.പി അടക്കം എൻ.ഡി.എയിലെ എം.പിമാർ 23 നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. പ്രതിപക്ഷത്തിൻ്റെ 44 നിർദ്ദേശങ്ങളും വോട്ടിനിട്ട് തല്ലി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെ, ജനുവരി 31ന് ആരംഭിക്കുന്ന ബ ഡ്ജറ്റ് സമ്മേളനത്തിനിടെ ബിൽ അവതരിപ്പിച്ച് പാസാക്കാനാണ് ശ്രമം.