ഇസ്രായേല്‍ കൂടുതല്‍ ആക്രമണം നടത്തുന്നത് ടെഹ്റാനിലായതിനാല്‍ ഇന്ന് തന്നെ ഇന്ത്യന്‍ പൗരന്മാര്‍ ടെഹ്റാന്‍ വിടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വേറെ വിദേശ പൗരന്മാര്‍ ഇന്ത്യന്‍ പൗരന്മാരുടെ കൂടെ ഉണ്ടാവാന്‍ പാടില്ല. ഇന്ത്യക്കാരെ അര്‍മേനിയ വഴി ഒഴിപ്പിക്കാനുള്ള ഇടപെടലാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് അര്‍മേനിയന്‍ വിദേശകാര്യമന്ത്രിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ സംസാരിച്ചു.

ഇന്ത്യ അര്‍മേനിയയോട് ഇന്ത്യക്കാരെ ഒഴിപ്പിക്കുകയാണെങ്കില്‍ അതിനുവേണ്ട സഹായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാന്‍ വഴിയും കസാഖിസ്ഥാന്‍ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മൂവായിരത്തോളം വിദ്യാര്‍ഥികളുള്‍പ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാനിലുണ്ട്.

ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ എംബസിയുടെ സൗകര്യത്തോടെ വിദ്യാര്‍ഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും ഇന്ന് പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഏതാനും മലയാളികളും ഇറാനില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തിയ മലപ്പുറം സ്വദേശികളാണ് ഇറാനില്‍ കുടുങ്ങിയിരിക്കുന്നത്. ഇവര്‍ ടെഹ്റാനില്‍ യുദ്ധം തുടങ്ങും മുന്‍പാണ് എത്തിയത്. ഹോട്ടലില്‍ ഇവര്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

Related Posts