ദുബായിൽ നിന്ന് ഇന്ത്യയിലെത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. ഏകദേശം 4.26 കോടി രൂപ വിലമതിക്കുന്ന 2.8 കിലോഗ്രാം തൂക്കമുള്ള 24 സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് വിമാനത്തിൻ്റെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്.

ജൂൺ 12ന് ദുബായിൽ നിന്ന് എത്തിയ ഇൻഡിഗോയുടെ 6E-1478 വിമാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സ്വർണം കണ്ടെത്തിയത്. വിമാന എൻജിനീയർമാരുടെ സഹായത്തോടെ നടത്തിയ വിശദ പരിശോധനയിൽ മുൻവശത്തെ ശുചിമുറിയിലെ സ്പീക്കർ യൂണിറ്റിനുള്ളിൽ ഒളിപ്പിച്ച രണ്ട് പൗച്ചുകളാണ് കണ്ടെത്തിയത്.

കറുത്ത പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ച് സുരക്ഷിതമായി ഒട്ടിച്ച നിലയിലായിരുന്ന പൗച്ചുകളിൽ 24 കാരറ്റ് പ്യൂരിറ്റിയുള്ള 24 വിദേശ നിർമിത സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ഉണ്ടായിരുന്നത്. പിടിച്ചെടുത്ത സ്വർണ്ണത്തിൻ്റെ ആകെ ഭാരം 2,799.3 ഗ്രാമാണെന്ന് കസ്റ്റംസ് അറിയിച്ചു.

കസ്റ്റംസ് നിയമം ലംഘിച്ച് രാജ്യത്തേക്ക് കടത്തുന്നതിനായാണ് സ്വർണം വിമാനത്തിനുള്ളിൽ ഒളിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വർണ്ണത്തിന്റെ ഉടമസ്ഥാവകാശം ആരും ഉന്നയിക്കാത്തതിനാൽ കസ്റ്റംസ് ആക്ട് 1962 പ്രകാരം സ്വർണം കണ്ടുകെട്ടിയതായും അധികൃതർ വ്യക്തമാക്കി.

Related Posts