രാജ്യത്ത് ഉയർന്നുവരുന്ന പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് പങ്കെടുക്കും. ഇന്ന് ബംഗളൂരുവിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പ്രതിഷേധത്തിലാണ് അദ്ദേഹം പങ്കെടുക്കുക.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ചാണ് വൈകുന്നേരം നാല് മണിക്ക് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുകയാണ് ലക്ഷ്യമെന്ന് സിജെപി നേതാക്കൾ വ്യക്തമാക്കി.
അതേസമയം, നാളെ രാജസ്ഥാനിലെ ജയ്പൂരിലെ ഷഹീദ് സ്മാരകത്തിലും സമാന പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പരിപാടിക്ക് ഇതുവരെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെന്ന് സിജെപി വക്താവ് അശുതോഷ് റാങ്ക പറഞ്ഞു.
സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമൂഹം ഒന്നിച്ച് ശബ്ദമുയർത്തേണ്ട സമയമാണിതെന്ന് അഭിജീത് ദീപ്കെ സമൂഹമാധ്യമമായ എക്സിലൂടെ ആഹ്വാനം ചെയ്തു.