ബെംഗളൂരുവിലെ 220-ാമത് ലാൽബാഗ് ഫല-പുഷ്പ പ്രദർശനത്തിന് ഇന്ന് സമാപനം. ഓഗസ്റ്റ് 6ന് ആരംഭിച്ച 12 ദിവസത്തെ പ്രദർശനമാണ് ഇന്ന് അവസാനിക്കുന്നത്. ഈ വർഷത്തെ പ്രദർശനം ‘ഗംഗ സാമ്രാജ്യ വൈഭവ’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചത്.

ഞായറാഴ്ചയായ ഓഗസ്റ്റ് 16ന് മാത്രം 1,46,000 പേർ ലാൽബാഗിലെത്തി. ഇതിൽ 97,950 മുതിർന്നവരും 32,400 കുട്ടികളും 15,650 വിദ്യാർഥികളും ഉൾപ്പെടുന്നു. ഒറ്റദിവസത്തെ പ്രവേശന ടിക്കറ്റ് വിൽപ്പനയിലൂടെ ഏകദേശം 70 ലക്ഷം രൂപ വരുമാനവും ലഭിച്ചു.

ഗംഗ രാജവംശത്തിൻ്റെ ചരിത്രവും പൈതൃകവും പുഷ്പങ്ങളിലൂടെ അവതരിപ്പിച്ച വിവിധ അലങ്കാരങ്ങളാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ബെഗൂരിലെ 1,200 വർഷം പഴക്കമുള്ള പഞ്ചലിംഗേശ്വര ക്ഷേത്ര സമുച്ചയത്തിന്റെ പുഷ്പ മാതൃക, ബാഹുബലി പ്രതിമ, ഗംഗ രാജാക്കന്മാരുടെ ശിൽപ്പങ്ങൾ, തളകാട് ക്ഷേത്രങ്ങളുടെ മാതൃകകൾ തുടങ്ങിയവ ശ്രദ്ധനേടി.

സമാപന ദിവസമായ ഇന്നും വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ, പ്രദർശനത്തിലെ പുഷ്പ അലങ്കാരങ്ങളും ചരിത്രപ്രമേയത്തിലുള്ള ഇൻസ്റ്റലേഷനുകളും കാണാൻ അവസാന അവസരമാണിത്.

Related Posts