കർണാടകയിലെ ഹാസൻ ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായി. ബേലൂർ താലൂക്കിലെ ബിക്കോഡി സ്വദേശിനിയായ ജയമ്മ (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ബിക്കോഡിയിലെ തോട്ടത്തിൽ ആടുകളെ മേയ്ക്കുന്നതിനിടെ കാട്ടാന ജയമ്മയെ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അവർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് ലഭിക്കുന്ന വിവരം.
സംഭവത്തെ തുടർന്ന് നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. വന്യമൃഗശല്യം തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടുവെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ജയമ്മയുടെ മൃതദേഹം മാറ്റാൻ അനുവദിക്കാതെ വനമന്ത്രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ഒരു മാസത്തോളമായി ബേലൂർ മേഖലയിൽ 20ലധികം കാട്ടാനകൾ വിഹരിക്കുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാപ്പി, അടയ്ക്ക തോട്ടങ്ങൾക്കും കൃഷിയിടങ്ങൾക്കും ഇവ വ്യാപകമായി നാശം വരുത്തുന്നുണ്ട്. ബേലൂർ, സകലേശ്പുര, ആലൂർ താലൂക്കുകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ ബേലൂർ താലൂക്കിലെ അരേഹള്ളി മേഖലയിലും കാട്ടാനയുടെ ആക്രമണത്തിൽ ധർമരാജു (50) കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ജയമ്മയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ആശ്രിതനായ ഭർത്താവിന് അഞ്ച് വർഷത്തേക്ക് പ്രതിമാസം 4,000 രൂപ പെൻഷൻ അനുവദിക്കുകയും ചെയ്തു. രണ്ട് മാസത്തിനുള്ളിൽ ബേലൂർ മേഖലയിൽനിന്ന് ഏകദേശം 50 കാട്ടാനകളെ മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. ഇതോടെയാണ് 22 മണിക്കൂറിലേറെ നീണ്ട പ്രതിഷേധം അവസാനിച്ചത്