മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റനും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ എം.എം. സോമയ്യയുടെ വീട്ടിൽനിന്ന് മോഷണം പോയ 1980ലെ മോസ്കോ ഒളിമ്പിക്സിലെ സ്വർണമെഡലടക്കം എട്ട് കായിക മെഡലുകൾ ബെംഗളൂരു പൊലീസ് വീണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മോഷണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മൂന്നാമത്തെയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവിലെ ന്യൂ തിപ്പസന്ദ്രയിലുള്ള സോമയ്യയുടെ വീട്ടിലാണ് ഒക്ടോബർ 28ന് മോഷണം നടന്നത്. കുടുംബത്തോടൊപ്പം സ്വന്തം നാടായ കുടകിലേക്ക് പോയിരുന്ന സോമയ്യ തിരികെയെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിലിൻ്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വിലപിടിപ്പുള്ള വസ്തുക്കളും കായിക മെഡലുകളും പണവും നഷ്ടപ്പെട്ടതായി വ്യക്തമായി. അയൽവീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പുലർച്ചെ 2.34ഓടെ രണ്ടുപേർ വീട്ടിൽ അതിക്രമിച്ചുകയറുന്നതും കണ്ടെത്തിയിരുന്നു.

മോഷണവുമായി ബന്ധപ്പെട്ട് മണിക്യ എന്ന മണികണ്ഠ (31), ഭരത് (25) എന്നിവരെ നവംബർ ഒമ്പതിന് രാമനഗരയിലെ ഹഗലഹള്ളി ക്രോസിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവർക്കും മുൻപും ക്രിമിനൽ കേസുകളിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. മോഷണത്തിന് ഉപയോഗിച്ചതായി കരുതുന്ന ഇരുചക്രവാഹനവും പൊലീസ് പിടിച്ചെടുത്തു. കേസിൽ മൂന്നാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

മോഷ്ടിച്ച മെഡലുകളിൽ ഒരു സ്വർണമെഡലും ഒരു വെള്ളിമെഡലും രാജാജിനഗറിലെ സ്വർണം വാങ്ങുന്ന സ്ഥാപനത്തിൽ വിറ്റതായി പ്രതികൾ മൊഴി നൽകിയിരുന്നു. തുടർന്ന് ഇവിടെനിന്ന് രണ്ട് മെഡലുകളും പൊലീസ് കണ്ടെടുത്തു. ബാക്കി ആറ് മെഡലുകൾ ഹൊസ്‌കോട്ടെയിലെ ഒരു പ്രതിയുടെ വീട്ടിൽനിന്നാണ് വീണ്ടെടുത്തത്. കൂടാതെ ക്യാമറ, കുടക് പരമ്പരാഗത കഠാര, ഒളിമ്പിക് കിറ്റ് ബാഗ് എന്നിവയും പൊലീസ് കണ്ടെത്തി.

മോഷ്ടിക്കപ്പെട്ട മെഡലുകൾ തിരികെ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എം.എം. സോമയ്യ പ്രതികരിച്ചു. മെഡലുകൾ തിരിച്ചുകിട്ടിയപ്പോൾ വീണ്ടും ഒളിമ്പിക് സ്വർണം നേടിയതുപോലെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹോക്കി ഒരു അമച്വർ കായിക ഇനമായിരുന്ന കാലത്ത് വലിയ സാമ്പത്തിക പ്രതിഫലങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയ മെഡലുകൾ മാത്രമായിരുന്നു അന്നത്തെ അംഗീകാരമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഈ മെഡലുകൾക്ക് വലിയ വൈകാരികവും ചരിത്രപരവുമായ മൂല്യമുണ്ടെന്നും സോമയ്യ കൂട്ടിച്ചേർത്തു.

Related Posts