ബിഡദിയിൽ നിർദിഷ്ട എ.ഐ. പവർഡ് ഇൻ്റഗ്രേറ്റഡ് ടൗൺഷിപ്പ് പദ്ധതി ഉപേക്ഷിക്കണമെന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ഫലഭൂയിഷ്ഠമായ കാർഷിക ഭൂമി ഏറ്റെടുക്കുന്നത് ആയിരക്കണക്കിന് കർഷകരുടെ ഉപജീവനത്തെ തകർക്കുമെന്നും, നഗരവികസനത്തിന് പകരം ഉപയോഗിക്കാവുന്ന ഭൂമി സർക്കാർ കണ്ടെത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭൂമി ഏറ്റെടുക്കലിനെതിരെ തിങ്കളാഴ്ച ബിഡദിയിൽ സ്ത്രീകൾ ചൂലുമായി പ്രതിഷേധിക്കുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തതിനെ തുടർന്ന് സർക്കാർ ഭൂമി സർവേ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി പൂർണമായും പിൻവലിക്കണമെന്ന് ദേവഗൗഡ ആവശ്യപ്പെട്ടത്.
ഗ്രാമീണരുടെ പ്രധാന ജീവിതോപാധി കൃഷിയും ക്ഷീരവികസനവുമാണെന്നും, പല കുടുംബങ്ങൾക്കും പാരമ്പര്യമായി ലഭിച്ച ചെറിയ കൃഷിഭൂമിയാണ് ഏക ആശ്രയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപജീവനത്തിനായി എല്ലാവർക്കും ബെംഗളൂരുവിലേക്ക് മാറാനാകില്ലെന്നും ദേവഗൗഡ പറഞ്ഞു.
ഭാവിയിലെ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് കോൺഗ്രസിന് സാമ്പത്തിക സ്രോതസ്സുകൾ സൃഷ്ടിക്കാനാണ് ടൗൺഷിപ്പ് പദ്ധതിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. കർഷകരുടെ പ്രതിഷേധത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, കർഷകവിരുദ്ധ നടപടികൾക്കെതിരെ ശക്തമായി പോരാടുമെന്നും വ്യക്തമാക്കി. രാമനഗര താലൂക്കിലെ ഒമ്പത് ഗ്രാമങ്ങളിലായി 7,404 ഏക്കർ ഭൂമി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമായിരിക്കും നഷ്ടപരിഹാരം നൽകുകയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.