സംസ്ഥാന മന്ത്രിസഭയിൽ അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ വാട്സ്ആപ്പ് കോൾ. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വിളിച്ച തട്ടിപ്പുകാരൻ, മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും പണം നൽകിയാൽ മന്ത്രി സ്ഥാനമുറപ്പിക്കാമെന്നും വാഗ്ദാനം ചെയ്തു.
ജൂലൈ ആറിനാണ് എംഎൽഎയ്ക്ക് കോൾ ലഭിച്ചത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ‘രാജ്കുമാർ’ എന്ന പേരിൽ പരിചയപ്പെടുത്തിയ ഇയാൾ, കേരളത്തിലെ ഒരു എംപിയാണ് ഫോൺ നമ്പർ നൽകിയതെന്നും അവകാശപ്പെട്ടു. സംശയം തോന്നിയ എംഎൽഎ പണം നൽകാമെന്ന് സമ്മതിക്കുന്നതായി നടിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് തട്ടിപ്പുകാരൻ പരാമർശിച്ച എംപിയെ നേരിട്ട് ബന്ധപ്പെട്ട് വിവരം അന്വേഷിച്ചപ്പോൾ, എഐസിസി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് സമാനമായ കോൾ തനിക്കും ലഭിച്ചിരുന്നുവെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ നമ്പറുകൾ കൈമാറിയിരുന്നുവെന്നും എംപി അറിയിച്ചു.
ഇതോടെ ഇരുവരും വയനാട് എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഓഫീസിൽ നിന്ന് ഇത്തരമൊരു കോൾ പോയിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ വിദ്യാ ബാലകൃഷ്ണൻ ജൂലൈ 11-ന് സൈബർ സെല്ലിൽ പരാതി നൽകി.
പ്രാഥമിക അന്വേഷണത്തിൽ കോൾ ഡൽഹിയിൽ നിന്നാണെന്ന് കണ്ടെത്തിയ സൈബർ സെൽ, പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.