വിവാഹവും മാതൃത്വവും സ്ത്രീകളുടെ തൊഴിൽജീവിതത്തിന് തടസ്സമാകരുതെന്നും പ്രൊഫഷണൽ അവസരങ്ങൾ തേടുന്നതിൽ സ്ത്രീകളെ ഒരു പ്രത്യേക സ്ഥലത്ത് ഒതുക്കിനിർത്താനാവില്ലെന്നും കർണാടക ഹൈക്കോടതി. കുട്ടിയുടെ സംരക്ഷണവും സ്വന്തം തൊഴിൽജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് ലളിത കന്നെഗന്തി നിരീക്ഷിച്ചു.

യുകെയിൽ ജോലി ലഭിച്ച വനിതാ നേത്രരോഗവിദഗ്ധയ്ക്ക് മകനോടൊപ്പം വിദേശത്തേക്ക് താമസം മാറാൻ അനുമതി നൽകിയ കുടുംബകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

2019 മുതൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത് അമ്മയാണെന്നും യുകെയിലെ ജോലി കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷയും കുട്ടിക്ക് മികച്ച വിദ്യാഭ്യാസം, താമസം, ആരോഗ്യപരിരക്ഷ എന്നിവയും ഉറപ്പാക്കുമെന്നും അമ്മ കോടതിയെ അറിയിച്ചു. യുകെയിൽ ഡോക്ടറായി ജോലി ചെയ്യുന്നതിനാവശ്യമായ ലൈസൻസും ഇവർ നേടിയിരുന്നു.

അമ്മയുടെ തൊഴിൽപരമായ മുന്നേറ്റം ഉത്തരവാദിത്തമുള്ള മാതൃത്വത്തിന് വിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടിയുടെ സംരക്ഷണാവകാശവും തൊഴിൽപരമായ അവസരങ്ങളും തമ്മിൽ ഒന്നുതെരഞ്ഞെടുക്കാൻ അമ്മയെ നിർബന്ധിക്കാനാവില്ലെന്നും നിരീക്ഷിച്ചു.

അതേസമയം, കുട്ടിയുടെ ക്ഷേമത്തിനാണ് പരമപ്രധാന പരിഗണന നൽകേണ്ടത്. പിതാവുമായുള്ള ബന്ധം നിലനിർത്തുന്നതിനായി ദിവസവും കുറഞ്ഞത് 20 മിനിറ്റ് ഓഡിയോ, വീഡിയോ കോളുകൾ അനുവദിക്കണം. സ്കൂൾ അവധിക്കാലത്ത് കുട്ടിക്ക് പിതാവിനൊപ്പം സമയം ചെലവഴിക്കാനുള്ള സൗകര്യവും ഉറപ്പാക്കണം.

വർഷത്തിൽ രണ്ടുതവണ കുട്ടിയുടെ അവധിക്കാലത്ത് 75 ശതമാനം സമയം പിതാവിനൊപ്പം ഇന്ത്യയിൽ ചെലവഴിക്കാനുള്ള ക്രമീകരണവും കോടതി നിർദേശിച്ചു. പിതാവിന് യുകെയിലെത്തി കുട്ടിയെ കാണുന്നതിനും അവധിക്കാലത്ത് സമയം ചെലവഴിക്കുന്നതിനും അവസരമുണ്ടാകും.

വിവാഹവും മാതൃത്വവും സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും പ്രൊഫഷണൽ വളർച്ചയെയും പരിമിതപ്പെടുത്താനുള്ള കാരണങ്ങളാകരുതെന്ന കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമായി.

Related Posts