രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മുംബൈ–ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദസറയ്ക്ക് ശേഷം സർവീസ് തുടങ്ങുമെന്നാണ് സൂചന. എന്നാൽ, സർവീസ് ആരംഭിക്കുന്ന തീയതിയും സമയക്രമവും റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ട്രെയിനിലെ മെനു അന്തിമമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. യാത്രക്കാർക്ക് പ്രാദേശിക ഭക്ഷണവിഭവങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയിരുന്നു.

പുതിയ സർവീസ് ആരംഭിക്കുന്നതോടെ മുംബൈ–ബെംഗളൂരു യാത്രാസമയം നിലവിലുള്ളതിനെക്കാൾ ആറു മണിക്കൂർ 20 മിനിറ്റ് വരെ കുറയുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 1,000 കിലോമീറ്ററാണ് ട്രെയിൻ പിന്നിടുക. റിപ്പോർട്ടുകൾ പ്രകാരം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11.55ന് ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിലെത്തും. ബെംഗളൂരുവിൽ നിന്ന് വൈകിട്ട് 7.50ന് മടക്കയാത്ര ആരംഭിച്ച് പിറ്റേന്ന് രാവിലെ 11.55ന് മുംബൈയിലെത്തുമെന്നാണ് സൂചന. ഈ സമയക്രമം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആഴ്ചയിൽ ആറു ദിവസം സർവീസ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. കല്യാൺ, പൂനെ, സോലാപുർ, കൽബുർഗി, റായ്ച്ചൂർ, ഗുണ്ടക്കൽ, അനന്തപുർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. ജോലി, ബിസിനസ്, വിനോദസഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്കായി മുംബൈയ്ക്കും ബെംഗളൂരുവിനുമിടയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

Related Posts