ഇന്ത്യാ സഖ്യത്തിൻ്റെ പ്രതിഷേധത്തിനിടെ സുപ്രീംകോടതി വളപ്പിലും രജിസ്ട്രിയിലും നടന്ന സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ കെപിസിസിയുടെ ട്വീറ്റുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കും (കെപിസിസി) കോടതി നോട്ടീസ് അയച്ചു. കോടതിയെ ഭീഷണിപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ രാഹുൽ ഗാന്ധി ഉൾപ്പെടെ 19 പ്രതിപക്ഷ നേതാക്കൾ നൽകിയ ഹർജികളും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചു. ഹർജികളിൽ തിരഞ്ഞെടുപ്പ് കമ്മിഷനും ഗ്യാനേഷ് കുമാറിനും കോടതി നോട്ടീസ് അയച്ചു. സമാനമായ മറ്റ് കേസുകൾക്കൊപ്പം ഹർജികൾ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

എന്നാൽ, ഹർജികൾ അടുത്തതായി പരിഗണിക്കുമ്പോൾ പ്രതിഷേധത്തിനിടെ നടന്ന സംഭവങ്ങളിൽ ഹർജിക്കാരിൽ ഒരാളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വിശദീകരണം ആദ്യം ലഭിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സുപ്രീംകോടതി രജിസ്ട്രിയിലേക്ക് പ്രവേശിച്ച സംഭവത്തിലാണ് കോടതിയുടെ അതൃപ്തി. സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി തള്ളിയെന്ന പരാതിയും പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം, ചീഫ് ജസ്റ്റിസിനെതിരായ കെപിസിസിയുടെ ട്വീറ്റുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിലും വിശദീകരണം തേടിയിട്ടുണ്ട്. കോടതിയുടെ അധികാരത്തെയും നടപടികളെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, കോടതിക്ക് പുറത്തു നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞു.

Related Posts