മൈസൂരു കൊട്ടാരത്തിൽ വഡിയാർ കുടുംബം തുടരുന്നത് സർക്കാരിൻ്റെ ഔദാര്യമോ കുടുംബത്തിന് നൽകിയ പ്രത്യേക പരിഗണനയോ അല്ലെന്ന് രാജകുടുംബാംഗം പ്രമോദാദേവി വഡിയാർ. ഹൈക്കോടതിയുടെ നിലവിലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് കുടുംബം കൊട്ടാരത്തിൽ താമസിക്കുന്നതെന്നും അവർ വ്യക്തമാക്കി. ബുധനാഴ്ച മൈസൂരു കൊട്ടാരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിശദീകരണം.

മൈസൂരു കൊട്ടാരം സർക്കാരിൻ്റെതാണെന്നും വഡിയാർ കുടുംബത്തിന് അവിടെ താമസിക്കാൻ സർക്കാർ അനുമതി നൽകിയതാണെന്നും മൈസൂരു ജില്ലാ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രമോദാദേവിയുടെ വിശദീകരണം. ദസറ ആഘോഷങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങളും ഒക്ടോബർ 25ന് പൊലീസിൻ്റെ മോശം പെരുമാറ്റത്തെക്കുറിച്ച് നൽകിയ പരാതിയും ചർച്ചയായതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

1950 ജനുവരി 23ന് ഇന്ത്യയുടെ ഗവർണർ ജനറലുമായി കരാറിൽ ഏർപ്പെട്ടപ്പോൾ തൻ്റെ ഭർതൃപിതാവും മഹാരാജാവുമായ ജയചാമരാജ വഡിയാർ മൈസൂരു കൊട്ടാരം ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാവരസ്വത്തുക്കളുടെ പട്ടിക സമർപ്പിച്ചിരുന്നുവെന്ന് പ്രമോദാദേവി പറഞ്ഞു. 1951 ജനുവരി എട്ടിന് അന്നത്തെ കേന്ദ്രസർക്കാർ സെക്രട്ടറി വി.പി. മേനോൻ ഈ പട്ടിക അംഗീകരിച്ചതായും അന്നത്തെ മൈസൂരു സംസ്ഥാന ചീഫ് സെക്രട്ടറിയും കരാറിൽ ഒപ്പിട്ടിരുന്നതായും അവർ വ്യക്തമാക്കി.

മഹാരാജാക്കന്മാരുടെയും ഭരണാധികാരികളുടെയും പ്രത്യേക പദവികൾ റദ്ദാക്കിയ ശേഷവും അവരുടെ സ്വകാര്യ സ്വത്തുക്കൾക്ക് ഭരണഘടനാ ഭേദഗതി ബാധകമാകില്ലെന്ന് 1972 ഒക്ടോബർ 28ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

1974ൽ ജയചാമരാജ വഡിയാർ അന്തരിച്ചതിനു പിന്നാലെ കൊട്ടാരത്തിൻ്റെ ചില ഭാഗങ്ങൾ പരിപാലനത്തിനും നടത്തിപ്പിനുമായി വിട്ടുനൽകാൻ സംസ്ഥാന സർക്കാർ മഹാറാണി ത്രിപുരസുന്ദരമ്മണിയോടും മകൻ ശ്രീകണ്ഠദത്ത നരസിംഹരാജ വഡിയാരോടും ആവശ്യപ്പെട്ടിരുന്നു. കൊട്ടാരത്തിൻ്റെ ചില ഭാഗങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തപ്പോൾ പ്രവേശന ഫീസും വാടകയിനത്തിൽ ലഭിക്കുന്ന തുകയും അറ്റകുറ്റപ്പണികൾക്കും കടബാധ്യതകളും നികുതി കുടിശ്ശികകളും തീർക്കുന്നതിനുമായി ഉപയോഗിക്കാമെന്നായിരുന്നു ധാരണ. എന്നാൽ പ്രവേശന ഫീസ് സർക്കാർ ഖജനാവിലേക്ക് മാറ്റിയെന്നാണ് പ്രമോദാദേവിയുടെ ആരോപണം.

ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളെത്തുടർന്ന് ശ്രീകണ്ഠദത്ത വഡിയാർ കൊട്ടാരത്തിൻ്റെ ചില ഭാഗങ്ങൾ കൈമാറിയുള്ള കത്ത് പിൻവലിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. 1997ൽ വഡിയാർക്ക് അനുകൂലമായി ഉത്തരവിട്ട കോടതി, കൊട്ടാരത്തിൻ്റെ കൈമാറിയ ഭാഗങ്ങൾ 30 ദിവസത്തിനകം തിരികെ നൽകാൻ സർക്കാരിനോട് നിർദേശിച്ചു. എന്നാൽ ഇതിനു പകരം സർക്കാർ 1998ൽ മൈസൂരു പാലസ് (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ) നിയമം കൊണ്ടുവന്നുവെന്നാണ് പ്രമോദാദേവിയുടെ വിശദീകരണം. ഈ നിയമം ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ട് ഇപ്പോഴും പരിഗണനയിലാണെന്നും അവർ പറഞ്ഞു.

നിയമത്തിൽ ‘ഏറ്റെടുക്കൽ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നതുതന്നെ കൊട്ടാരം സർക്കാരിൻ്റെ ഉടമസ്ഥതയിലായിരുന്നില്ലെന്നതിന് തെളിവാണെന്നും പ്രമോദാദേവി വാദിച്ചു.

Related Posts