നവംബർ 13ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ബെംഗളൂരു നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ എലിവേറ്റഡ് പാതയിൽ തിരക്കേറിയ സമയങ്ങളിൽ എട്ടു മിനിറ്റ് ഇടവിട്ട് ട്രെയിൻ സർവീസ് നടത്തും. നേരത്തെ അഞ്ചു മിനിറ്റ് ഇടവേളയാണ് ആസൂത്രണം ചെയ്തിരുന്നത്. തുടക്കത്തിൽ നാല് ട്രെയിനുകൾ മാത്രമായിരിക്കും സർവീസിനായി വിന്യസിക്കുക. ഇതിൽ ഒരെണ്ണം അടിയന്തര ആവശ്യങ്ങൾക്കായി സ്റ്റാൻഡ്ബൈ ആയി സൂക്ഷിക്കും.
കലേന അഗ്രഹാര, തവരക്കരെ ടെർമിനൽ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് തിരികെ സർവീസ് ആരംഭിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് തുടക്കത്തിൽ എട്ടു മിനിറ്റ് ഇടവേള നിശ്ചയിച്ചതെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യാത്രക്കാരുടെ തിരക്കും ആവശ്യവും വിലയിരുത്തി സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ഇടവേള കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
താൽക്കാലിക പരിപാടിപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി തവരക്കരെയിൽനിന്ന് ഐഐഎംബി സ്റ്റേഷനിലേക്ക് യാത്ര ചെയ്തശേഷം ഐഐഎംബി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. നവംബർ 14 മുതൽ പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിക്കും. നിലവിലെ മെട്രോ ലൈനുകളിലേതിന് സമാനമായ സമയക്രമത്തിലായിരിക്കും സർവീസ്.