ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ ലോവർ, മിഡിൽ ബർത്തുകളിൽ ഉറങ്ങുന്നതിന് റെയിൽവേ ഏർപ്പെടുത്തിയ സമയനിയന്ത്രണം കർശനമാക്കുന്നു. രാത്രി 10 മുതൽ രാവിലെ 6 വരെയാണ് ഈ ബർത്തുകളിൽ ഉറങ്ങാൻ അനുമതിയുള്ളത്. പകൽ സമയത്ത് മറ്റു യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം ഉറപ്പാക്കുകയാണ് നിയന്ത്രണത്തിൻ്റെ ലക്ഷ്യം.
രോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് സമയനിയന്ത്രണത്തിൽ ഇളവുണ്ടാകും. അതേസമയം അപ്പർ ബർത്തുകളിൽ പകൽ സമയത്തും ഉറങ്ങുന്നതിന് നിയന്ത്രണമില്ല.
റെയിൽവേയുടെ ഈ സർക്കുലർ ചോദ്യം ചെയ്ത് യാത്രക്കാരൻ നൽകിയ ഹർജി ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. കോടതി സർക്കുലർ ശരിവെച്ചതോടെയാണ് നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ റെയിൽവേ തീരുമാനിച്ചത്.