ഇന്ത്യ സഖ്യത്തിന്‍റെ നിർണായക യോഗം ഇന്ന്. കോൺഗ്രസ് വിളിച്ച യോഗത്തിൽ എത്ര പാർട്ടികൾ എത്തുമെന്നതും യോഗത്തിൽ എന്ത് തീരുമാനങ്ങളുണ്ടാകും എന്നത് ഇന്ത്യ സഖ്യത്തിന്‍റെ മുന്നോട്ട് പോക്കിൽ നിർണായകമാകുമെന്നാണ് അറിയുന്നത്. 23 പാർട്ടികൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് എ ഐ സി സി വക്താവ് ജയറാം രമേശ് അറിയിച്ചിട്ടുള്ളത്. ചില പാർട്ടികൾ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ദില്ലി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം.

യോഗത്തിൽ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് സി പി എം വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളിലെ തൃണമൂല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നതെങ്കിലും, കോണ്‍ഗ്രസ് നിലപാടിനെതിരെ ഘടകകക്ഷികള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കും. ജാര്‍ഖണ്ഡിൽ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ജെ എം എമ്മും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ ഡി എം കെ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാൽ കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും തങ്ങൾ ഭാഗമാകില്ലെന്നുമാണ് എം കെ സ്റ്റാലിനും ഡി എം കെയും അറിയിച്ചിട്ടുള്ളത്.

Related Posts