അവധിക്കുശേഷം ജോലിയിൽ പ്രവേശിക്കാനായി സൗദി അറേബ്യയിലേക്ക് മടങ്ങിയ മലയാളി നഴ്‌സിനെക്കുറിച്ച് ദിവസങ്ങളായി വിവരമില്ലാത്തത് കുടുംബത്തെ ആശങ്കയിലാക്കി. നീലഗിരി ജില്ലയുടെ അതിർത്തിയിലുള്ള അയ്യൻകൊല്ലി ആനന്ദ് നിവാസിൽ രവി–ഷെൽവി ദമ്പതികളുടെ മകൾ ഫിലോമിനയെയാണ് കാണാതായതായി കുടുംബം പറയുന്നത്. സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഫഹദ് ആശുപത്രിയിൽ കഴിഞ്ഞ മൂന്നുവർഷമായി നഴ്‌സായി ജോലി ചെയ്യുകയാണ് ഫിലോമിന.

അവധി കഴിഞ്ഞ് ഒക്ടോബർ 10ന് ബെംഗളൂരുവിൽനിന്നുള്ള വിമാനത്തിലാണ് ഫിലോമിന സൗദിയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിലെത്തി അവിടെനിന്ന് മറ്റൊരു വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ ജിദ്ദ വിമാനത്താവളത്തിലെത്തിയശേഷം യാത്ര തടസ്സപ്പെട്ടതായാണ് കുടുംബത്തിന് ലഭിച്ച വിവരം.

രാത്രി എട്ടരയോടെ പിതാവ് രവിക്കും ഭർത്താവ് ജോണിക്കും ഫിലോമിന ശബ്ദസന്ദേശം അയച്ചിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചതായും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും സന്ദേശത്തിൽ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇതിനുശേഷം ഫിലോമിനയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. റിയാദിലെ ആശുപത്രി അധികൃതരുമായും ഫിലോമിനയുടെ സഹപ്രവർത്തകരുമായും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ എവിടെയാണെന്നോ എന്താണ് സംഭവിച്ചതെന്നോ കണ്ടെത്താനായിട്ടില്ല.
ഫിലോമിനയുടെ യാത്രയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ കുടുംബം കടുത്ത ആശങ്കയിലാണ്. വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതായി അറിയിച്ചശേഷം ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യം ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. ഫിലോമിനയെക്കുറിച്ച് വിവരങ്ങൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഇടപെടൽ കുടുംബം പ്രതീക്ഷിക്കുന്നു.

Related Posts