സിംബാബ്വെ വനിതാ ടീമിനെതിരായ മൂന്നാം ഏകദിനത്തിലും ജയിച്ച് ഇന്ത്യ പരമ്പര 3–0ന് സ്വന്തമാക്കി. വഡോദരയിൽ നടന്ന മത്സരത്തോടെ സിംബാബ്വെക്കെതിരായ ഇന്ത്യയുടെ ആദ്യ വനിതാ ഏകദിന പരമ്പരയ്ക്ക് സമ്പൂർണ വിജയത്തോടെ വിരാമമായി. ആദ്യ മത്സരത്തിൽ ഒമ്പത് വിക്കറ്റിനും രണ്ടാം മത്സരത്തിൽ 121 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം.
വൈഷ്ണവി ശർമയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. സിംബാബ്വെയെ 131 റൺസിന് പുറത്താക്കിയ ഇന്ത്യ 17 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്ത് ലക്ഷ്യം മറികടന്നു. പ്രതീക റാവൽ പുറത്താകാതെ 59 റൺസ് നേടി. ഇന്ത്യ എട്ട് വിക്കറ്റിനാണ് മൂന്നാം ഏകദിനം ജയിച്ചത്.