പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയാൻ കണ്ണൂർ റേഞ്ചിലെ പൊലീസ് ജില്ലകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്ടോബർ 27ന് കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിൻ്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.

കോഴിക്കോട് റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് — 14. കാസർഗോഡ് 13, കണ്ണൂർ സിറ്റി 12, കണ്ണൂർ റൂറൽ ആറ്, കോഴിക്കോട് സിറ്റി അഞ്ച്, വയനാട് ഒന്ന് എന്നിങ്ങനെയാണ് കേസുകൾ.

പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന ആർ.സി. ഉടമകൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും. പ്രായപൂർത്തിയാകാത്തവർക്ക് വാഹനമോടിക്കാൻ നൽകുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Related Posts