കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ആശ്വാസ അലവൻസും മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനം വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
പുതിയ വർധന 2026 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കും. ഇതോടെ 48.54 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.71 ലക്ഷം പെൻഷൻകാർക്കും ഉൾപ്പെടെ 1.17 കോടിയിലധികം പേർക്ക് ആനുകൂല്യം ലഭിക്കും.
മുൻപ് രണ്ട് ശതമാനമായിരുന്നു ഡിഎ വർധന. ഇത് മൂന്ന് ശതമാനമായി ഉയർത്തിയതോടെ ജീവനക്കാരുടെയും പെൻഷൻകാരുടെയും വരുമാനത്തിൽ വർധനയുണ്ടാകും. ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി പ്രഖ്യാപിച്ച തീരുമാനം ഉത്സവകാലത്ത് ജീവനക്കാർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.