ബാംഗ്ലൂരിലെ മലയാളി സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ സുരഭിലം ഗ്ലോബലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലാലി രംഗനാഥിൻ്റെ ‘നീലക്കടലിൻ്റെ രഹസ്യ പുസ്തകം’ എന്ന കൃതി പ്രകാശനം ചെയ്തു. കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന മന്ത്രി ബിന്ദു കൃഷ്ണ പുസ്തകം പ്രകാശനം ചെയ്തു. ഐവറി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ അധ്യക്ഷത വഹിച്ചു. ഐവറി ബുക്സ് സിഇഒ പ്രവീൺ വൈശാഖാൻ സ്വാഗതം പറഞ്ഞു. കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ കൃതിയുടെ ആമുഖത്തിലൂടെ ലാലി രംഗനാഥിൻ്റെ രചനാലോകം പരിചയപ്പെടുത്തി. എഴുത്തുകാരിയുടെ സർഗാത്മകതയും രചനാമികവും അദ്ദേഹം സദസ്സിന് മുന്നിൽ അവതരിപ്പിച്ചു.

കവി കെ.സുദർശൻ, ഡോ.മുഞ്ഞിനാട് പത്മകുമാർ, കവി പി.ശിവപ്രസാദ്, ഗോപൻ അമ്പാട്ട്, കല്ലൂർ ഈശ്വരൻ പോറ്റി, ജയൻ മഠത്തിൽ, ഒരാനെല്ലൂർ ബാബു, ബാംഗ്ലൂരിൽനിന്നുള്ള എസ്.കെ.നായർ തുടങ്ങിയ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇവർ ലാലി രംഗനാഥിനും കൃതിക്കും ആശംസകൾ നേർന്നു.

ബാംഗ്ലൂരിൽനിന്നെത്തിയ ലാലി രംഗനാഥിൻ്റെ കൊച്ചുമകൾ ദേവാൻഷി ധനു ഇംഗ്ലീഷിൽ ആശംസകൾ നേർന്നത് ചടങ്ങിന് കുടുംബസ്നേഹത്തിൻ്റെ ഹൃദ്യമായ മുഹൂർത്തമായി.

മലയാള സാഹിത്യത്തോടുള്ള ആഭിമുഖ്യവും സർഗാത്മകമായ എഴുത്തും കൈമുതലാക്കി മുന്നേറുന്ന ലാലി രംഗനാഥിൻ്റെ പുതിയ കൃതി വായനക്കാർക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചത്. കൃതിക്ക് കൂടുതൽ വായനക്കാരെ കണ്ടെത്താനും മലയാള സാഹിത്യലോകത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കാനും കഴിയട്ടെയെന്ന ആശംസകളോടെയാണ് ചടങ്ങ് സമാപിച്ചത്.

Related Posts