നഗരത്തിലെ പുലികേശിനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ ഐഇഡി സ്ഫോടനത്തിനു പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഭീകരാക്രമണമെന്ന സംശയം തള്ളിയ പൊലീസ്, കുടുംബപ്രശ്നങ്ങളും ഭൂമി, സാമ്പത്തിക തർക്കങ്ങളുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് അറിയിച്ചു.
ഒക്ടോബർ 20നുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ലക്ഷ്യമിട്ട് സ്ഫോടകവസ്തു അടങ്ങിയ പാഴ്സൽ എത്തിച്ചതായാണ് പൊലീസിൻ്റെ കണ്ടെത്തൽ. എന്നാൽ പാഴ്സൽ തുറന്ന മറ്റൊരു തൊഴിലാളിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
അറസ്റ്റിലായവരിൽ ഒരാൾ സെക്യൂരിറ്റി ജീവനക്കാരൻ്റെ ബന്ധുവാണെന്നും കുടുംബപരമായ തർക്കങ്ങൾക്കൊപ്പം ഭൂമി, പണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആക്രമണത്തിന് കാരണമായെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇയാൾ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണം ആസൂത്രണം ചെയ്തെന്നാണ് ആരോപണം.
പത്തിലധികം പൊലീസ് സംഘങ്ങൾ നടത്തിയ അന്വേഷണത്തിൽ 1,500ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നൂറിലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. സ്ഫോടകവസ്തു നിർമിക്കാൻ ഉപയോഗിച്ച സാമഗ്രികൾ എവിടെനിന്നാണ് വാങ്ങിയതെന്നും പ്രതികൾ തമ്മിൽ എങ്ങനെ ഗൂഢാലോചന നടത്തിയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.