വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷം രൂപയിൽനിന്ന് 17.5 ലക്ഷം രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നതിനും പരിക്കേൽക്കുന്നവർക്കുള്ള ചികിത്സാ ധനസഹായത്തിനും നിലവിൽ നൽകുന്ന തുകയിൽ 25 ശതമാനം വർധന വരുത്തിയാണ് പുതിയ ഉത്തരവ്.

പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തെ തുടർന്നുള്ള മരണത്തിനുള്ള നഷ്ടപരിഹാരം നാല് ലക്ഷം രൂപയിൽനിന്ന് അഞ്ച് ലക്ഷം രൂപയായും ഉയർത്തി.

വന്യജീവി ആക്രമണത്തിൽ 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം രണ്ട് ലക്ഷം രൂപയിൽനിന്ന് 2.5 ലക്ഷം രൂപയാക്കി. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിച്ചാൽ 3,12,500 രൂപ ലഭിക്കും.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് പരിക്കിൻ്റെ ഗുരുതരാവസ്ഥ അനുസരിച്ച് 1.25 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിയിൽ കഴിയേണ്ടിവരുന്ന ഗുരുതര പരിക്കുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഒരു ലക്ഷം രൂപ വരെ അനുവദിക്കും.

അതീവ ഗുരുതരമായി പരിക്കേൽക്കുന്നവർക്കും ദീർഘകാല ചികിത്സ ആവശ്യമുള്ളവർക്കും ചികിത്സാച്ചെലവ് കൂടുതലാണെങ്കിൽ, ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ യഥാർഥ ചികിത്സാച്ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Related Posts